ഗില്ലിന് കളിക്കാന്‍ സഹതാരങ്ങളുടെ 'കാരുണ്യം; വേണം, ടീം ഇന്ത്യയില്‍ 2 റോളില്‍ സാദ്ധ്യത

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസായത് യുവതാരം ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചതാണ്. ഇതോടെ ഗില്ലിനെ എവിടെ കളിപ്പിക്കുമെന്ന ചര്‍ച്ചയും സജീവമായിട്ടുണ്ട്.

ശുഭ്മാന്‍ ഗില്ലിന് രണ്ട് റോളിലേക്ക് പരിഗണിക്കുന്നതായാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍. ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തും മദ്ധ്യനിരയിലും കളിപ്പിക്കാമെന്നാണ് പ്രസാദ് പറയുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ടു പൊസിഷനുകളിലേക്കും ഗില്ലിനെ പരിഗണിക്കുന്നുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്ക് കളിപ്പിക്കാവുന്ന താരമാണ് ഗില്ലെന്നും പ്രസാദ് വിശദമാക്കി.

ഗില്ലിനെ ഓപ്പണറാക്കിയാല്‍ മായങ്ക് അഗര്‍വാളിനോ, രോഹിത്ത് ശര്‍മ്മയ്‌ക്കോ സ്ഥാനം നഷ്ടപ്പെടും. ഇങ്ങനെ സംഭവിക്കാനുളള സാദ്ധ്യത വിരളമാണ്. അതെസമയം ഓപ്പണറെന്ന നിലയില്‍ അഗര്‍വാളും രോഹിത്തും പരാജയപ്പെട്ടാല്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ ഗില്ലിനെ ഓപ്പറായി പരിഗണിച്ചാല്‍ അത്ഭുതപ്പെടാനില്ല.

അതെസമയം മദ്ധ്യനിരയില്‍ ഗില്‍ ഇടംപിടിക്കാനുളള സാധ്യത വിരളമാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് മദ്ധ്യനിര ശക്തമാണ്. രഹാനയും വിഹാരിയുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റിന്‍ഡീസില്‍ കാഴ്ച്ചവെച്ചത്.

ഏതായാലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റില്‍ ഗില്‍ അരങ്ങേറണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. സഹതാരങ്ങളുടെ പരിക്കോ ഫോം ഔട്ടോ മാത്രമാകും ഗില്ലിന് ടീമിലേക്കുളള വഴിയൊരുക്കുക.