ധോണിയെ കണ്ട് പഠിക്കൂ, ടീം ഇന്ത്യയ്‌ക്ക് എതിരെ ആഞ്ഞടിച്ച് സെവാഗ്

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും ടീം ഇന്ത്യയുടെ മുന്നോട്ടുപോക്കില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് പൂര്‍ണ സംതൃപ്തനല്ല. നിലവിലെ ഇന്ത്യന്‍ ടീം താരങ്ങളെ പരീക്ഷിക്കുന്ന രീതിയാണ് സെവാഗിനെ പ്രകോപിപ്പിക്കുന്നത്. താരങ്ങളെ ഒരു പൊസിഷനില്‍ പരീക്ഷിയ്ക്കുമ്പോള്‍ അവര്‍ക്ക് കഴിവ് തെളിയിക്കാനുളള സമയം കൂടി നല്‍കണമെന്നും ധോണി അത് ചെയ്തിരുന്നുവെന്നും സെവാഗ് ചൂണ്ടിക്കാണിക്കുന്നു.

കെഎല്‍ രാഹുലിനെ പരീക്ഷിക്കുന്ന രീതി ചൂണ്ടിക്കാട്ടിയാണ് സെവാഗ് ഇക്കാര്യം പറയുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയ കെ എല്‍ രാഹുലിനെ ടി20യില്‍ അഞ്ചാം നമ്പറില്‍ തന്നെ ബാറ്റിംഗിനിറക്കണമെന്ന് സെവാഗ് നിര്‍ദേശിക്കുന്നു. എന്നാല്‍ നാലോ അഞ്ചോ കളികളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് രാഹുലിനെ അഞ്ചാം നമ്പറില്‍ നിന്ന് മാറ്റുമെന്നും തുടര്‍ച്ചയായി കളിക്കാരുടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നത് ശരിയല്ലെന്നും സെവാഗ് പറഞ്ഞു.

ധോണിയുടെ കാലത്ത് കളിക്കാര്‍ക്ക് ഓരോ പൊസിഷനിലും സെറ്റ് ആവാന്‍ മതിയായ സമയം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ഓരോ കളിക്കാരന്റെയും ബാറ്റിംഗ് പൊസിഷനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനുള്ള പ്രതിഭകളെ കണ്ടെത്തുന്നതില്‍ ധോണിക്ക് പ്രത്യേക മിടുക്കുണ്ടായിരുന്നു. 50 ഓവര്‍ മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന് തിളങ്ങാന്‍ കൂടുതല്‍ സമയമുണ്ട്. എന്നാല്‍ മധ്യനിര ബാറ്റ്‌സ്മാന് അതിന് സമയം കിട്ടാറില്ല.

Read more

ഈ സാഹചര്യങ്ങളില്‍ ടീം മാനേജ്‌മെന്റിന്റെ പിന്തുണ അവര്‍ക്ക് നിര്‍ണായകമാണെന്നും സെവാഗ് വ്യക്തമാക്കി. കളിക്കാര്‍ക്ക് മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ വലിയ കളിക്കാരായി വളരുക. ഞാന്‍ തന്നെ മധ്യനിര ബാറ്റ്‌സ്മാനായാണ് തുടങ്ങിയത്. എന്റെ പിഴവുകള്‍ കാരണം ഒരു പാട് കളികളില്‍ നമ്മള്‍ തോറ്റിട്ടുണ്ട്. പക്ഷെ സൈഡ് ബെഞ്ചിലിരുന്ന് ഒരിക്കലും കളി പഠിക്കാനാവില്ലല്ലോ, കളിച്ചുതന്നെ പഠിക്കണം. അതിന് ടീമിലെത്തുന്നവര്‍ക്ക് മതിയായ സമയം അനുവദിക്കണമെന്നും സെവാഗ് പറഞ്ഞു.