ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇനി അതേ വഴിയുളളൂ, നിസ്സഹായനായി ഗപ്റ്റില്‍

ഇന്ത്യയ്‌ക്കെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ട് വട്ടം തോറ്റിരിക്കുകയാണ് ന്യൂസിലന്‍ഡ് ടീം. ബാറ്റിംഗിലും ബൗളിംഗിലും ടീം ഇന്ത്യ പുലര്‍ത്തുന്ന ആധിപത്യമാണ് കിവീസിനെ നിഷ്പ്രഭമാക്കുന്നത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ ജയിക്കണമെങ്കില്‍ ഒരു കാര്യം സംഭവിക്കണമെന്നാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ വിലയിരിത്തുന്നത്.

ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറ മോശം ഫോമില്‍ പന്തെറിയുന്ന മത്സരങ്ങളുണ്ടായാലേ തങ്ങള്‍ക്ക് രക്ഷയുളളുവെന്നാണ് ഗപ്റ്റില്‍ പറയുന്നത്.

“ഡെത്ത് ഓവറുകളില്‍ ഭുംറ അസാമാന്യ രീതിയില്‍ പന്തെറിയുന്നു. അദ്ദേഹത്തിന്റെ പന്തുകളില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. മനോഹരമായി സ്ലോ ബൗളും ബൗണ്‍സറും എറിയാന്‍ ഭുംറയ്ക്ക് കഴിയുന്നു. അതുകൊണ്ടു തന്നെ വരുന്ന മത്സരങ്ങളില്‍ ഭുംറ മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.”” ഗപ്റ്റില്‍ പറഞ്ഞു.

രണ്ടാം ടി20യില്‍ പിച്ച് കൂടുതല്‍ സ്ലോ ആയിരുന്നുവെന്നും ഇത് സ്പിന്നര്‍മാരെ ഏറെ സഹായിച്ചുവെന്നും ഗപ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

29-നാണ് പരമ്പരയിലെ മൂന്നാം മത്സരം. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ന്യൂസിലന്‍ഡിനു ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്.