ഹിറ്റ്മാനും ധവാനും വെടിക്കെട്ട് ഫോമിലേക്ക്; ഇന്ത്യ റണ്‍ കൊടുമുടിയിലേക്ക്

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും വെടിക്കെട്ട് താരം ശിഖര്‍ ധവാനും ഓപ്പണിങ് കൂട്ടുകെട്ടില്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ മികച്ച സ്‌കോറിലേക്ക്. 24 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ 144 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 74 ബോളില്‍ നിന്ന് 80 റണ്‍സെടുത്ത് ശിഖര്‍ ധവാനും 68 ബോളില്‍ നിന്ന് 63 റണ്‍സെടുത്ത് രോഹിത് ശരമ്മയും മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തി.

പന്തെറിയാന്‍ വന്ന ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ട് ദീര്‍ഘകാലത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയത്. ഇതില്‍ ശിഖര്‍ ധവാന്‍ കഴിഞ്ഞ മൂന്ന് മത്സരത്തിലും ഫോമില്ലായ്മയില്‍ ഉഴറിയിരുന്നു. റാഞ്ചിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തിയാണ് നാലാം ഏകദിനത്തിന് ടീമിനെ പ്രഖ്യാപിച്ചത്. വിശ്രമം അനുവദിക്കപ്പെട്ട മഹേന്ദ്രസിങ് ധോണിക്കു പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായെത്തും.

അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലെത്തി. ഓസീസ് നിരയിലും രണ്ടു മാറ്റമുണ്ട്. മാര്‍ക്കസ് സ്റ്റോയ്നിസിനു പകരം ആഷ്ടണ്‍ ടേണറും നേഥന്‍ ലയണിനു പകരം ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫും ടീമില്‍ മടങ്ങിയെത്തി.

Read more

ആദ്യ 2 ഏകദിനങ്ങളും വിജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിയ ഇന്ത്യയെ റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിനു വീഴ്ത്താനായതിന്റെ ആവേശത്തിലാണ് ഓസീസ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ നിറം മങ്ങിയ പരമ്പരയിലെ മൂന്നു കളികളിലും ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് ഏകദിന റാങ്കിങിലെ ആറാം സ്ഥാനക്കാരായ ഓസീസ് പുറത്തെടുത്തത്. പരമ്പര സ്വന്തമാക്കി ലോകകപ്പിന് നന്നായൊരുങ്ങുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.