അവന്‍റെ മടങ്ങിവരവാണ് ലോക കപ്പില്‍ ഇന്ത്യയെ അപകടകാരി ആക്കിയിരിക്കുന്നത്!

വരുന്ന ടി20 ലോക കപ്പില്‍ ഇന്ത്യ ശക്തമായ മത്സരാര്‍ത്ഥിയാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ഫോമില്‍ ടീമിലുണ്ട് എന്നതാണെന്ന് മുന്‍ ഓള്‍റൗണ്ടര്‍ റീതീന്ദര്‍ സിംഗ് സോധി. ബുദ്ധി ഉപയോഗിച്ച് കളിക്കുന്ന താരമാണ് ഹാര്‍ദ്ദിക്കെന്നും വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവന് നന്നായി അറിയാമെന്നും അദ്ദേഹം വിലയിരുത്തി.

‘പാണ്ഡ്യ മൈതാനത്ത് തലച്ചോറ് ഉപയോഗിച്ച് സ്വന്തം കളി കളിക്കുന്ന ഒരു ക്രിക്കറ്ററാണ്. അവന്‍ ഒരു ദയയില്ലാത്ത ക്രിക്കറ്റ് കളിക്കാരനാണ്. അവന്‍ റണ്‍സ് നേടുമ്പോഴും വിക്കറ്റ് നേടുമ്പോഴും ഇന്ത്യ അവരുടെ കളികളില്‍ 90% വിജയിക്കും. വിഷമകരമായ സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് അവനറിയാം. ഹാര്‍ദ്ദിര് ഫോം വീണ്ടെതുട്ടതാണ് ലോക കപ്പില്‍ ഇന്ത്യ ശക്തമായ മത്സരാര്‍ത്ഥിയാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.’

2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോക കപ്പിലെ തന്റെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശം നേരിട്ട താരം പിന്നീട് ഫിറ്റ്‌നസ് പ്രശ്നത്താല്‍ ടീമിന് പുറത്തായി. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ 2022 ലൂടെയായിരുന്നു താരത്തിന്റെ വിജയകരമായ തിരിച്ചുവരവ്.

നിലവില്‍ വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ഹാര്‍ദ്ദിക്. ഈ വരുന്ന ഏഷ്യാ കപ്പിലും ടി20 ലോക കപ്പിലും ഇന്ത്യന്‍ ടീമില്‍ ഹാര്‍ദ്ദികിന് സ്ഥാനം ഉറപ്പാണ്.