'അവനുള്ള ഇന്ത്യന്‍ ടീമിനെയാണ് കൂടുതല്‍ ഭയക്കേണ്ടത്'; എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോണ്ടിംഗ്

ടി20 ലോക കപ്പ് അടുത്ത് വരവേ അതിനെ കുറിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും ക്രിക്കറ്റ് ലോകത്ത് കൊഴുക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കാര്യമാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കോഹ്‌ലിയുള്ള ഇന്ത്യന്‍ ടീമിനെയാണ് എതിരാളികള്‍ കൂടുതല്‍ ഭയക്കേണ്ടതെന്ന് പോണ്ടിംഗ് പറഞ്ഞു.

‘എതിര്‍ ക്യാപ്റ്റനെന്ന നിലക്കോ, എതിര്‍ ടീമിലെ കളിക്കാരനെന്ന നിലക്കോ പറയുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ ഭയക്കുക കോഹ്‌ലിയുള്ള ഇന്ത്യന്‍ ടീമിനെയാണ്. കോഹ്‌ലിക്ക് മുന്നില്‍ വലിയ വെല്ലുവിളികളുണ്ടെന്ന് അറിയാം. പക്ഷെ, ക്രിക്കറ്റിലെ മഹാന്‍മാരായ കളിക്കാരെല്ലാം ഒരുഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവരാണ്.’

‘അത് ബൗളറായാലും ബാറ്ററായാലും ഒരുപോലെയാണ്. പക്ഷെ ഇത്തരം ഘട്ടങ്ങള്‍ മറികടക്കാന്‍ അവര്‍ക്കെല്ലാം കഴിഞ്ഞിട്ടുമുണ്ട്. കോഹ്‌ലിക്കും അതിന് കഴിയും. കുറച്ചു സമയം കൂടി കാത്തിരിക്കേണ്ട കാര്യമേ അതിനുള്ളൂ. എന്നാല്‍ ലോക കപ്പ് ടീമില്‍ നിന്ന് കോഹ്‌ലിയെ ഒഴിവാക്കുകയും പകരം വരുന്ന കളിക്കാരന്‍ തിളങ്ങുകയും ചെയ്താല്‍ പിന്നീട് ഒരു തിരിച്ചുവരവ് കോഹ്‌ലിക്ക് ബുദ്ധിമുട്ടായിരിക്കും.’

‘ഞാനായിരുന്നു ഇന്ത്യയുടെ പരിശീലകനോ ക്യാപ്റ്റനോ എങ്കില്‍ കോഹ്‌ലിയില്‍ നിന്ന് മികച്ച പ്രകടനം നടത്താന്‍ പരമാവധി ശ്രമിക്കും. കാരണം ഫോമിലുള്ള കോഹ്‌ലി എത്രയോ നല്ല ബാറ്ററാണ്. അതുകൊണ്ടുതന്നെ ടി20 ലോക കപ്പില്‍ ടോപ് ഓര്‍ഡറില്‍ കോഹ്‌ലിക്കൊരു സ്ഥാനം കണ്ടെത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണം. ആ സ്ഥാനത്ത് ടൂര്‍ണമെന്റില്‍ മുഴുവന്‍ കളിക്കാനും അവസരം നല്‍കണം’ പോണ്ടിംഗ് പറഞ്ഞു.