രാഹുല്‍ ‘ആശാന്റേയും’ സച്ചിന്റേയും അമ്പരപ്പിക്കുന്ന റെക്കോര്‍ഡ് തകര്‍ത്തു, സഞ്ജുവും സച്ചിനും പടുത്തുയര്‍ത്തിയത് ചരിത്രം

വിജയ് ഹസാര ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി നേടി ഞെട്ടിച്ച സഞ്ജു സാംസണും കൂട്ടാളി സച്ചിന്‍ ബേബിയും രചിച്ചത് ചരിത്രം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും സ്വന്തമാക്കിയത്.

ഗോവയ്‌ക്കെതിരെ 338 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇതോടെ 25 വര്‍ഷം പഴക്കമുളള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായായത്. 1994ല്‍ വോര്‍സ്റ്റയര്‍ഷെയറിനാണ് ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിയും ഇംഗ്ലീഷ് താരം ടിം കുര്‍ട്ടിസും പടുത്തുയര്‍ത്തിയ 309 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പഴങ്കഥയായത്. സറേയ്‌ക്കെതിരേയായിരുന്നു ഇരുവരുടേയും പ്രകടനം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 258 റണ്‍സ് മാത്രമാണ് മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്. വിന്‍ഡീസ് താരങ്ങളായ ഡെയന്‍ ബ്രാവോയും രാം ദിനും ബംഗ്ലാദേശിനെതിരെ 2014ലാണ് ഈ കൂട്ടുകെട്ടുണ്ടാക്കിയത്.

അതെസമയം ഇന്ത്യന്‍ താരങ്ങളുടെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടെന്ന നേട്ടമാണ് സഞ്ജുവും സച്ചിനും ചേര്‍ന്ന് അടിച്ചെടുത്തത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ പടുത്തുയര്‍ത്തിയ 331 റണ്‍സായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും വലിയ ഇന്ത്യന്‍ താരങ്ങളുടെ കൂട്ടുകെട്ട്. ഇതാണ് മലയാളി താരങ്ങള്‍ പൊളിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ മികച്ച നാലാമത്തെ ലിസ്റ്റ് എ കൂട്ടുകെട്ടാണ് സഞ്ജുവും സച്ചിനും ചേര്‍ന്ന് എടുത്തത്. രണ്ടാം വിക്കറ്റില്‍ 372 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ക്രിസ് ഗെയില്‍സ് മാര്‍ലോണ്‍ സാമുവല്‍സ് കൂട്ടുകെട്ടാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്.

മത്സരത്തില്‍ പുറത്താകാതെ 212 റണ്‍സാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. 21 ഫോറും 10 സിക്‌സും സഹിതമായിരുന്നു ആ ക്ലാസ് ഇന്നിംഗ്‌സ്. സച്ചിന്‍ ബേബി 135 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 127 റണ്‍സെടുത്ത് പുറത്തായി. ഇരുവരുടേയും മികവില്‍ കേരളം ഗോവയ്‌ക്കെതിരെ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 377 റണ്‍സാണ് അടിച്ചെടുത്തത്.