ഹര്‍ഷല്‍ ചില്ലറക്കാരനല്ല; കന്നിക്കളിയില്‍ ഒപ്പം പിടിച്ചത് ആറു പേരെ

രാജ്യത്തിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയെന്നത് ആരും കൊതിക്കുന്ന നേട്ടമാണ്. ഇന്ത്യന്‍ പേസ് നിരയിലെ പുത്തന്‍ താരോദയം ഹര്‍ഷല്‍ പട്ടേലിനെ കഴിഞ്ഞ ദിവസം ആ നേട്ടം തേടിയെത്തി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ പ്ലേയര്‍ ഓഫ് മാച്ച് ആകുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് ഹര്‍ഷല്‍.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് പിഴുതാണ് ഹര്‍ഷല്‍ പട്ടേല്‍ മാന്‍ ഓഫ് ദ മാച്ച് ആയത്. ഹര്‍ഷലിന്റെ ബോളിംഗ് കിവികളുടെ റണ്‍സ് നിരക്കിന് തടയിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയസമ്പന്നനെ പോലെയാണ് ഹര്‍ഷല്‍ പന്തെറിഞ്ഞത്.

ഇതോടെ ട്വന്റി20 അരങ്ങേറ്റത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ ദിനേശ് കാര്‍ത്തിക്, എസ്. ബദരിനാഥ്, പ്രഗ്യാന്‍ ഓജ, അക്‌സര്‍ പട്ടേല്‍, ബരീന്ദര്‍ സ്രാന്‍, നവ്ദീപ് സെയ്‌നി എന്നിവരുടെ നിരയിലെത്താന്‍ ഹര്‍ഷലിന് സാധിച്ചു. ഇവരില്‍ കാര്‍ത്തിക്കും അക്‌സറും സെയ്‌നിയും ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുന്നുണ്ട്. ബദരിനാഥും ഓജയും സ്രാനും കളത്തിന് പുറത്തായിക്കഴിഞ്ഞു.