പന്തിന് പകരം നാലാം സ്ഥാനത്ത് മലയാളി താരം, ടീം ഇന്ത്യ ഇങ്ങനെ

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നത്. ടി20യില്‍ പരമ്പര തൂത്തു വാരിയതിന് പിന്നാലെ ഏകദിന പരമ്പരയും വിജയിക്കുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്രിസ് ഗെയിലിന്റെ അവസാന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ കളിയ്ക്കുണ്ട്.

കഴിഞ്ഞ മത്സരം വിജയിച്ച ഇലവനില്‍ നിന്ന് ഇന്ത്യ ഒരു നിര്‍ണായക പരീക്ഷണം നടത്തിയേക്കും. ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന റിഷഭ് പന്തിനെ മാറ്റി നാലാം സ്ഥാനത്ത് മലയാളി താരം ശ്രേയസ് അയ്യരെ കളിപ്പിക്കുമെന്നാണ് സൂചന. നാലാം സ്ഥാനത്ത് പന്ത് ഗൗരവപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഫോമിലല്ലെങ്കിലും ശിഖര്‍ ധവാനും പന്തിനും ഈ മത്സരത്തിലും അവസരം നല്‍കും. .

മറുവശത്ത് ഗെയ്ല്‍ അവസാന ഏകദിനമാണ് കളിക്കുന്നതെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പില്ല. രണ്ട് ഏകദിനത്തിലും തിളങ്ങാന്‍ ഗെയിലിന് കഴിഞ്ഞിരുന്നില്ല. ഗെയിലിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജോണ്‍ ക്യാംബെല്‍ ടീമിലെത്തും. മറ്റൊരു മാറ്റത്തിന് കൂടി സാദ്ധ്യതയുണ്ട്. ഫാബിയന്‍ അലന്‍ പൂര്‍ണമായും ഫിറ്റാണെങ്കില്‍ ഒഷാനെ തോമസിന് പകരം അദ്ദേഹം ടീമിലെത്തും.

ഇന്ത്യ സാദ്ധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

വിന്‍ഡീസ് സാദ്ധ്യതാ ഇലവന്‍: എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍/ ജോണ്‍ ക്യാംബെല്‍, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പൂരന്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ഫാബിയന്‍ അലന്‍/ ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്റെല്‍, കെമര്‍ റോച്ച്.