അവന്‍ ഇന്ത്യയ്ക്ക് ലോക കപ്പ് നേടിത്തരും; വിലയിരുത്തലുമായി ബ്രെറ്റ് ലീ

ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കുമെന്ന് മുന്‍ ഓസിസ് പേസര്‍ ബ്രെറ്റ് ലീ. സൂര്യകുമാറിന്റെ ഷോട്ട് സെലക്ഷന്‍ ചെസിലെ ഗ്രാന്റ്മാസ്റ്ററെപ്പോലായാണെന്നും അവ വിസ്മയിപ്പിക്കുന്നവയാണെന്നും ലീ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ എന്നെ സംബന്ധിച്ച് സ്‌കൈ ആയിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. അദ്ദേഹം ഒരേ മനോഭാവത്തോടെയാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയുന്നുവെന്നു മാത്രമല്ല ഇന്ത്യക്കു ഒരു ദിവസം ലോകകപ്പ് നേടിത്തരാനും സൂര്യക്കു കഴിയും.

അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണാന്‍ ഏറെ ഇഷ്ടമാണ്. സ്‌കൈയോടു എനിക്ക് എന്തെങ്കിലും ഉപദേശമുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ തുടരൂ. ഒന്നും മാറ്റേണ്ട, കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയും വേണ്ട. സ്വയം പിന്തുണച്ചാല്‍ മാത്രം മതി- ലീ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വളരെ നിര്‍ഭയമായിട്ടാണ് സൂര്യകുമാര്‍ യാദവ് ബാറ്റ് വീശിയത്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷന്‍ ചെസിലെ ഗ്രാന്റ്മാസ്റ്ററെപ്പോലായെയിരുന്നു. സൂര്യയുടെ ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നതാണ്. അവ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുള്ള പുഞ്ചിരി അമൂല്യമാണെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.