ഫ്ളോപ്പായതല്ല, ടീമിനു വേണ്ടി അവന്‍ വിക്കറ്റ് ത്യജിക്കുകയായിരുന്നു; രാഹുലിന്റെ 'വലിയ മനസ്' തുറന്നുകാട്ടി ഗവാസ്‌കര്‍

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണറും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ കെ.എല്‍ രാഹുലിനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ കെഎല്‍ രാഹുല്‍ ടീമിനു വേണ്ടി സ്വന്തം വിക്കറ്റ് ത്യജിക്കുകയായിരുന്നുവെന്ന് ഗവാസ്‌കര്‍ നിരീക്ഷിച്ചു.

‘സ്വന്തം ടീം തന്നില്‍ നിന്നും എന്താണോ പ്രതീക്ഷിച്ചത് അതു തന്നെയായരുന്നു കെഎല്‍ രാഹുല്‍ രണ്ടു തവണയും ചെയ്തത്. ആദ്യ ടി20യില്‍ അവന്‍ ഫിഫ്റ്റി നേടിയത് നിങ്ങള്‍ കണ്ടിരുന്നു. പക്ഷെ രണ്ടാമത്തെ മല്‍സരം എട്ടോവര്‍ വീതമുള്ള ഗെയിമായിരുന്നു. അതുകൊണ്ടു തന്നെ രാഹുലിന് ആക്രമിച്ച് കളിക്കേണ്ടി വരികയും ചെയ്തു. സ്വന്തം ടീമിനു വേണ്ടി അവന്‍ വിക്കറ്റ് ത്യജിക്കുകയായിരുന്നു.’

‘മൂന്നാം ടി20യുടെ കാര്യമെടുക്കുകയാണെങ്കില്‍ റണ്‍ചേസില്‍ ഇന്ത്യക്കു വേണ്ടിയിരുന്നത് ഓവറില്‍ ഒമ്പതിനു മുകളില്‍ റണ്‍സായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ബാറ്റ് ചെയ്യുകയെന്നത് ഒരിക്കലും എളുപ്പമല്ല. മികച്ച തുടക്കം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുക തന്നെ ചെയ്യും. അവിടെയും രാഹുലിനു തന്റെ വിക്കറ്റ് ത്യജിക്കേണ്ടി വരികയായിരുന്നു’ ഗവാസ്‌കര്‍ പറഞ്ഞു.

പരമ്പരയില്‍ ഒരു ഫിഫ്റ്റിയടക്കം 66 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. മൊഹാലിയിലെ ആദ്യ ടി20യില്‍ രാഹുല്‍ 35 ബോളില്‍ 55 റണ്‍സ് നേടിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു ടി20കളിലും താരം നിരാശപ്പെടുത്തി. 10, 1 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.