'ആരു വന്നാലും പോയാലും ഇന്ത്യന്‍ ടീമില്‍ നിനക്ക് സ്ഥാനം ഉറപ്പ്'; യുവതാരത്തോടു ഗവാസ്‌കര്‍

സീനിയര്‍ താരങ്ങള്‍ തിരിച്ചുവന്നാലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള ഒരു യുവതാരത്തെ ചൂണ്ടിക്കാണിച്ച് സുനില്‍ ഗവാസ്‌കര്‍. ശ്രേയസ് അയ്യരെക്കുറിച്ചാണ് സുനില്‍ ഗവാസ്‌കര്‍ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവാസ്‌കറുടെ വിലയിരുത്തല്‍.

‘ശ്രേയസിന് ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്ന ആശങ്ക വേണ്ട. ശ്രേയസ് ആദ്യത്തെ രണ്ടു കളികളിലും റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവന്‍ ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.’

‘നേരത്തേ ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലും ശ്രേയസ് ഉജ്ജ്വലമായി പെര്‍ഫോം ചെയ്തിരുന്നു. പരമ്പരയില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും അപരാജിത ഫിഫ്റ്റി നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ ടീമില്‍ അവന്റെ സ്ഥാനത്തിനു ഒരു ഭീഷണിയുമില്ല. പക്ഷെ ഋതുരാജിന്റെ സ്ഥിതി അങ്ങനെയല്ല. മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കണം’ ഗവാസ്‌കര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ടു ടി20കളില്‍ 36, 40 എന്നിങ്ങനെയായിരുന്നു ശ്രേയസ് അയ്യരുടെ സ്‌കോറുകള്‍. എന്നാല്‍ ഇന്ത്യ ജയിച്ച മൂന്നാം ടി20യില്‍ താരത്തിന് 14 റണ്‍സെടുക്കാനെ സാധിച്ചുള്ളു.