'അവന്‍ ഇന്ത്യയുടെ ഭാവി നായകനാണ്'; ഹര്‍ഭജന്റെ നാവ് പൊന്നാകുമോ!

ഇന്ത്യയുടെ വളര്‍ന്നുവരുന്ന യുവതാരം ശുഭ്മാന്‍ ഗില്‍ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ ആഘോഷമായി മാറിയിരിക്കുകയാണ്. സിംബാബ്വെയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 22കാരന്‍ ഗംഭീര സെഞ്ച്വറി നേടി തന്റെ ക്ലാസ് വീണ്ടും കാണിച്ചു. താരത്തിന്റെ പ്രകടന മികവ് കണ്ട ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഇന്ത്യയുയെ ഭാവി ക്യാപ്റ്റന്‍ ഗില്‍ ആണെന്ന് അഭിപ്രായപ്പെട്ടു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് ഗില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

‘മികച്ച സാങ്കേതികതയും മികച്ച ഷോട്ട് സെലക്ഷനും ഉള്ള ബാറ്ററാണ് അവന്‍. ബാറ്റ്സ്മാന്‍ഷിപ്പിന്റെ ഗുണനിലവാരം കണക്കിലെടുക്കുമ്പോള്‍, നിലവിലെ ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരോടൊപ്പം ഞാന്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തും. അവര്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഗില്‍ ഇന്ത്യയുടെ ഭാവി നായകനാണ്’ ഹര്‍ഭജന്‍ പറഞ്ഞു.

സിംബാവെക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റണ്‍സിനാണ് ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി 130(97) മികവിലാണ് 289 റണ്‍സ് നേടിയത്.

ഇന്ത്യ ഉയർത്തിയ 290 റൺസിന്റെ ലക്‌ഷ്യം പിന്തുടർന്ന സിംബാവേ സെഞ്ചുറി നേടിയ സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. ഒരു വശത്ത് വിക്കറ്റുകള്‍ വീണെങ്കിലും എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.

Read more

36ാം ഓവറില്‍ 169ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്.