പന്തിന് ടി20 കളിക്കാനുള്ള കഴിവില്ല, സഞ്ജുവിന് അവസരം കൊടുക്കണം, അവന്‍ വരുന്ന ലോക കപ്പില്‍ ഇന്ത്യയുടെ തലവര മാറ്റും; തുറന്നടിച്ച് പാകിസ്ഥാന്‍ താരം

റിഷഭ് പന്തിനെ ടി20 ടീമില്‍നിന്ന് ഒഴിവാക്കുന്നത് ഇന്ത്യ പരിഗണിക്കണമെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. പന്തിന് ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്ന് പറഞ്ഞ കനേരിയ ടി20യില്‍ പന്തിന് മേല്‍ സഞ്ജു സാംസണ് അവസരം നല്‍കണമെന്നും പറഞ്ഞു.

‘റിഷഭ് പന്തിന് ഒരു ഓപ്പണറായി വളരാനുള്ള കഴിവുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുകയും കൂടുതല്‍ ഉത്തരവാദിത്തം കാണിച്ച് കളിക്കുകയും ചെയ്യണം. അദ്ദേഹത്തിന് നിര്‍ഭയ ക്രിക്കറ്റ് കളിക്കണമെങ്കില്‍, അവന്‍ എല്ലാം പുറത്തെടുക്കണം.’

‘ടീം മാനേജ്‌മെന്റ് അവനെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിന്ന് അകറ്റി നിര്‍ത്തണം. എന്റെ അഭിപ്രായത്തില്‍, അവന്‍ ഒരു ടി20 കളിക്കാരനല്ല. ടെസ്റ്റിനും ഏകദിനത്തിനുമാണ് അവന്‍ കൂടുതല്‍ അനുയോജ്യന്‍.’

‘ടി20യില്‍ പന്തിന് മുകളില്‍ സഞ്ജു സാംസണ്‍ അംഗീകാരം നേടണം. അത് നൂറിരട്ടി മെച്ചമായിരിക്കും. വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചാല്‍ അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ പ്രധാന താരമാകാന്‍ സഞ്ജുവിനാകും. ഇടത്-വലത് കോമ്പിനേഷന്‍ ലഭിക്കാന്‍ ഇഷാന്‍ കിഷനുമായി സഞ്ജു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യട്ടെ- കനേരിയ പറഞ്ഞു.