വിക്കറ്റുകൾക്കിടയിൽ വേഗം കുറവായിരുന്നു എന്നത് ഒഴിച്ചാൽ മറ്റ് പരിമിതികൾ അയാൾക്ക് ഇല്ലായിരുന്നു

ശങ്കര്‍ ദാസ്

ഇന്‍സമാം-ഉള്‍-ഹഖ്, പാകിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. 1991 ഇല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതല്‍ പാകിസ്താന്റെ നെടും തൂണ്‍ ആയിരുന്നു ഇന്‍സമാം ഉള്‍ ഹഖ്. 2004 മുതല്‍ 2007 വരെ പാകിസ്താന്റെ നായകന്‍ കൂടിയായ ഇന്‍സമാം 92 ഇല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലോക കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ ഇന്‍സിക്ക് പരിമിതികള്‍ കുറവായിരുന്നു. വൈവിധ്യമായ ഷോട്ടുകളിലൂടെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തും അനായാസം റണ്‍സ് കണ്ടെത്തിയിരുന്ന ഇന്‍സമാമിനെ ഒരു കാലത്ത് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത് പേസ് ബൗളിംഗിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു.

ഇന്‍സമാമിനെ കുറിച്ച് പറയുമ്പോള്‍ 2003ഇല്‍ മുള്‍ട്ടാനില്‍ വച്ച് നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനെ കുറിച്ച് പറയാതെ വയ്യ. 262 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 7 വിക്കറ്റിന് 164 റണ്‍സ് എന്ന നിലയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അക്കാലത്ത് ഒന്നുമില്ലാതിരുന്ന ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ തോറ്റിരുന്നെങ്കില്‍ അത് പാക് ക്രിക്കറ്റിന്റെ ഒരു വലിയ നാണക്കേടാകുമായിരുന്നു.

205 റണ്‍സില്‍ എട്ടാം വിക്കറ്റും നഷ്ടമായെങ്കിലും ഇന്‍സമാം കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റിന്റെ വിജയം ആഘോഷിക്കുമ്പോള്‍ 138 റണ്‍സോടെ ഇന്‍സി അപരാജിതനായി നിന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നുവെങ്കിലും ഞാന്‍ കണ്ടതില്‍ വെച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ് അതായിരുന്നു.

മുള്‍ട്ടാനിലെ ഐതിഹാസിക പ്രകടനത്തിന്റെ തുടര്‍ച്ചയായി ടീമിന്റെ നായക പദവിയും ഇന്‍സമാമിനെ തേടിയെത്തി. പക്ഷെ ഒരു സുഖകരമായ നാളുകളായിരുന്നില്ല അദ്ദേഹത്തിനെ കാത്തിരുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ അടിയറവെച്ചതിന് ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു.

120 ടെസ്റ്റുകളില്‍ നിന്ന് 49.33 ശരാശരിയില്‍ 8830 റണ്‍സും 378 ഏകദിനങ്ങളില്‍ നിന്ന് 39.53 ശരാശരിയില്‍ 11739 റണ്‍സും നേടിയ ഇന്‍സമാം ഉള്‍ ഹഖ് 2007ഇല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കിയിരുന്നു. മാര്‍ച്ച് 3, ഇന്‍സമാം ഉള്‍ ഹഖിന്റെ ജന്മദിനമായിരുന്നു.

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7