ദൗത്യം എന്തെന്ന് അവന് അറിയില്ല, ഇങ്ങനെയാണെങ്കില്‍ വേറെ വഴി തേടേണ്ടി വരും, ഇന്ത്യന്‍ യുവതാരത്തെ കടന്നാക്രമിച്ച് വെറ്റോറി

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ക്രിക്കറ്റിനോടുള്ള സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂസിലന്‍ഡ് സ്പിന്‍ ഇതിഹാസം ഡാനിയേല്‍ വെറ്റോറി. പന്തിന്റെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഇന്ത്യക്ക് വേറെ വഴിതേടാമെന്നും വെറ്റോറി പറഞ്ഞു.

ട്വന്റി20 ക്രിക്കറ്റിന് ആവശ്യമായ ഗതിവേഗം നിലനിര്‍ത്താന്‍ ഋഷഭിലെ ബാറ്റര്‍ക്ക് സാധിക്കുന്നില്ല. ടീമില്‍ തന്റെ റോള്‍ എന്താണെന്ന് പന്തിന് ശരിക്കും മനസിലായിട്ടില്ല. പ്രത്യേകിച്ച് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍. ചില സമയത്ത് അയാള്‍ അമിതമായി ഉത്കണ്ഠാകുലനാകുന്നു. പന്തിന്റെ ബാറ്റിംഗിന് ഒഴുക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ടി20യിലെ മഹത്തായ ബാറ്റര്‍മാര്‍ കളിക്കുമ്പോള്‍ ഒഴുക്കും താളവും നിങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും. പന്തിന് ഇനിയും ആ താളം കണ്ടെത്താനായിട്ടില്ല- വെറ്റോറി പറഞ്ഞു.

എന്താണ് പന്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കടുത്ത സ്വരത്തില്‍, സുദീര്‍ഘമായി ടീം മാനെജ്‌മെന്റ് അയാളുമായി സംസാരിച്ചില്ലെങ്കില്‍ അതിശയിക്കേണ്ടിവരും. പക്ഷേ, ബാറ്റിംഗില്‍ താളം കണ്ടെത്തേണ്ടത് പന്തിന്റെ ഉത്തരവാദിത്തമാണ്. അതിന് താരത്തിന് സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വേറെ വഴിതേടാം. ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ പന്തിന് പുറമെ ഇഷാന്‍ കിഷനും കെ.എല്‍. രാഹുലുമുണ്ടെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.