ബോൾ കണ്ടാൽ വലിച്ചടിക്കുമെന്ന തിയറി അയാൾ മാറ്റി, മഹാരഥന്മാർ കളം ഒഴിയാറായ ഈയൊരു സമയത്ത് ആ സ്ഥാനത്തേക്ക് മത്സരിക്കാൻ അയാളുണ്ടാകും

Shemin Abdulmajeed

മുൻപും ഒരുപാട് പറഞ്ഞിട്ടുണ്ട് ഒരു അപ്ഗ്രേഡഡ് ജയവർദ്ധനെ മോൾഡിലുള്ള ഒരു കളിക്കാരൻ ക്രിസ് ഗെയിലിന്റെ കളി കളിക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി. 2017 ൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടി ഗ്രൗണ്ടിനെ കീറിമുറിക്കുന്ന മനോഹര ഷോട്ടുകളിലൂടെ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ഇന്നും ഓർമ്മയിലുണ്ട്.

ബോൾ കണ്ടാൽ വലിച്ചടിക്കുമെന്ന തന്റെ പുതിയ തിയറി ചുരുട്ടിക്കൂട്ടിയെറിഞ്ഞ് കളത്തിലിറങ്ങിയ സഞ്ജുവിൽ ആ പഴയ ക്ലാസ് ഇന്ന് വീണ്ടും കണ്ടു. ഗ്യാപുകൾ കണ്ടെത്തുന്ന ആ ടച്ച് ഷോട്ടുകൾ എന്ത് രസമാണ്.

ഗ്രൗണ്ട് ഷോട്ടുകളിലൂടെ മാത്രം 140 + പ്രഹരശേഷിയിൽ കളിക്കാൻ പറ്റുന്ന സഞ്ജുവിന് മുൻപ് നഷ്ടപ്പെടുത്തിയ അവസരങ്ങളിൽ വിഷമിക്കേണ്ടതില്ല. താൻ എങ്ങനെയാണ് കളിക്കേണ്ടതിന്റെ ഒരു പ്രോട്ടോടൈപ്പ് ഇന്നത്തെ മൽസരത്തിലൂടെ ലഭ്യമായിക്കഴിഞ്ഞു.

ഒമ്പതാമത്തെ ഓവറിലാണ് ഒരു ബോൾ ഉയർത്തിയടിക്കാൻ ശ്രമിച്ചത് എന്നത് തന്നെ തന്റെ ഗെയിമിൽ എത്രത്തോളം മാറ്റം വരുത്താൻ സഞ്ജു തയ്യാറായി എന്ന് നമുക്ക് കാണാം. ഈ മാറ്റം അവന് ഉയർച്ചകൾ കൊണ്ട് വരട്ടെ.

മൽസരം കടുത്തതാണ്. ടോപ് ഓഡറിലെ മഹാരഥന്മാർ കളമൊഴിയാറായ ഈയൊരു സമയത്ത് അനിവാര്യമായ മാറ്റവും പെർഫോമൻസും സഞ്ജുവിനും ആരാധകർക്കും നൽകുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ 24 × 7