അവന്‍ ഉശിരന്‍ ഫോമില്‍, തീര്‍ച്ചയായും പരിഗണിക്കണം'; ടീമില്‍ രണ്ട് മാറ്റം നിര്‍ദേശിച്ച് ഗവാസ്‌കര്‍

ട്വന്റി20 ലോക കപ്പിലെ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം നിര്‍ദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഞായറാഴ്ചയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം. കിവികളെ തോല്‍പ്പിച്ചാലേ ലോക കപ്പില്‍ ഇന്ത്യയുടെ സാദ്ധ്യതകള്‍ നിലനില്‍ക്കുകയുള്ളൂ.

പാകിസ്ഥാനെതിരായ കളിക്കിടെ തോളിന് പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ പകരം ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തണം. ഇഷാന്‍ കിഷന്‍ ഉശിരന്‍ ഫോമിലാണ്. തീര്‍ച്ചയായും പാണ്ഡ്യക്കു മേലെ ഇഷാനെ പരിഗണിക്കണം. ഭുവനേശ്വറിന്റെ സ്ഥാനത്ത് ഷാര്‍ദുല്‍ താക്കൂറിനെയും കളിപ്പിക്കാം. എന്നാല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാല്‍ ഇന്ത്യന്‍ ടീം അങ്കലാപ്പിലാണെന്ന് എതിരാളികള്‍ക്ക് തോന്നും- ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യയുടേത് മികച്ച ടീമാണ്. അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആദ്യ മത്സരത്തില്‍ മികച്ച ടീമിനോടാണ് തോറ്റത്. അവശേഷിക്കുന്ന മത്സരങ്ങളും ടൂര്‍ണമെന്റുമൊന്നും ഇന്ത്യ ജയിക്കില്ലെന്ന് അതിന് അര്‍ത്ഥമില്ല. നാലു മത്സരങ്ങള്‍ വിജയിച്ചാല്‍ സെമിയിലേക്കും തുടര്‍ന്ന് ഫൈനലിലും കടക്കാന്‍ സാധിക്കും. അതിനാല്‍ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Read more