മറ്റൊരു പാക് താരം കൂടി ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ പെണ്‍കുട്ടി കൂടി പാക് ക്രിക്കറ്റ് താരത്തിന്റെ വധുവാകുന്നു. പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.

ഷമിയ അര്‍സൂ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഹസന്‍ അലിയുടെ ജീവിത പങ്കാളിയാകുന്നത്. ഇരുവരും തമ്മിലുള്ള നിക്കാഹ് ചടങ്ങുകള്‍ ഓഗസ്റ്റ് 20-ന് ദുബായില്‍ വെച്ച് നടക്കും.

ദുബായില്‍ വെച്ചാണ് ഹസന്‍ അലിയും ഷമിയയും തമ്മില്‍ കണ്ടുമുട്ടിയത്. പിന്നീട് സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹരിയാന സ്വദേശിയായ ഷമിയ സ്വകാര്യ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണ്. ഇംഗ്ലണ്ടില്‍ നിന്ന് എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ഷമിയ മാതാപിതാക്കളുമൊത്ത് ദുബായിലാണ് താമസം.

പാകിസ്ഥാന് വേണ്ടി ഒന്‍പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ച താരമാണ് ഹസന്‍. നേരത്തെ പാക് മുന്‍ നായകന്‍ ഷുഹൈബ് മാലിക്കാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്തത്.