പതറാതെ രോഹണും ബേസിലും; നിര്‍ണായക ലീഡ് സ്വന്തമാക്കി കേരളം

ലാഹ്ലി: രഞ്ജിയിലെ നിര്‍ണായക മത്സരത്തില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംസ് ലീഡ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്നാം ദിവസം കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ ഹരിയാനയ്‌ക്കെതിരെ 60 റണ്‍സ് മുന്നിലെത്തി കേരളം.

90 റണ്‍സുമായി സെഞ്ച്വറിയിലേക്ക് കുതിക്കുന്ന രോഹണ്‍ പ്രേമും 53 റണ്‍സുമായി ബേസില്‍ തമ്പിയുമാണ് കേരളത്തിനായി ബാറ്റ് വീശുന്നത്.

ഹരിയാന ആദ്യ ഇന്നിങ്‌സില്‍ 208 റണ്‍സാണ് എടുത്തത്. 203ന് 3 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച കേരളം വേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമത്തിലാണ്.

നേരത്തെ രണ്ടാം ദിവസം കളി നിര്‍ത്തിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടു തീര്‍ത്ത ജലജ് സക്‌സേന-രോഹന്‍ പ്രേം സഖ്യമാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 172 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ജലജ് സക്‌സേന സെഞ്ച്വറിക്ക് ഒന്‍പതു റണ്‍സകലെ പുറത്തായതു കേരളത്തെ നിരാശപ്പെടുത്തി. 205 പന്തില്‍ 10 ബൗണ്ടറികളോടെ 91 റണ്‍സെടുത്ത സക്‌സേനയെ അമിത് മിശ്രയാണ് പുറത്താക്കിയത്. 16 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 16 റണ്‍സെടുത്ത സഞ്ജുവിനെ ചാഹല്‍ പുറത്താക്കി.

നേരത്തെ, 81.3 ഓവറില്‍ 208 റണ്‍സിന് ഹരിയാനയെ കേരളം ഓള്‍ഔട്ടാക്കിയിരുന്നു.