ധോണിയ്‌ക്കൊത്ത നായകനായി ആര്‍. അശ്വിന്‍, കോഹ്ലി ബിഗ് സീറോ

ലോക കപ്പ് ടീമിലൊന്നും ഇടം ലഭിച്ചില്ലെങ്കിലും ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ ഐപിഎല്‍ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. നായകനെന്ന നിലയില്‍ ഒന്നുമല്ലാത്ത സ്വന്തം ടീമിനെ അപ്രതീക്ഷിത ഉയരത്തിലേക്ക് എത്തിച്ചാണ് അശ്വിന്‍ ശ്രദ്ധേയനാകുന്നത്. ടീമിന്റെ ശേഷിയും വൈഭവവും കൃത്യമായി തിരിച്ചറിഞ്ഞാണ് അശ്വിന്‍ ഓരോ മത്സരത്തിലും പഞ്ചാബിനെ ഒരുക്കുന്നത്.

ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലി ഐപിഎല്ലില്‍ തികഞ്ഞ പരാജയമായി മാറിയിരിക്കെയാണ് നായകശേഷിയില്‍ ധോണിയ്‌ക്കൊത്ത പ്രകടനവുമായി അശ്വിന്‍ തിളങ്ങുന്നത്. അശ്വിന്റെ നായകശേഷിയെ പ്രശംസിച്ച് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലേ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്.

ഐപിഎല്‍ 12ാം സീസണിന്റെ തുടക്കത്തില്‍ എല്ലാവരാലും എഴുതിതള്ളിയ ടീമായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ അശ്വിനെന്ന ഒറ്റ നായകന്റെ ബലത്തില്‍ നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ് പഞ്ചാബ് ടീം.

നേരത്തെ മങ്കാദിംഗ് വിവാദത്തില്‍ കുരുങ്ങിയ അശ്വിന്‍ ടീമിന്റെ വിജയത്തിനായി ഏതറ്റം വരെ പോകുമെന്ന് അന്നേ തെളിയിച്ചതാണ്. അശ്വിനെ പുകഴ്ത്തി മലയാള മനോരമയില്‍ എഴുതിയ കോളത്തില്‍ ഹര്‍ഷ ഭോഗ്ലേ പറയുന്നത് ഇപ്രകാരമാണ്.

“പ്ലേ ഓഫ് ഘട്ടത്തിലേക്ക് അവര്‍ കടക്കുമോ എന്നതു പറയാറായിട്ടില്ല. പക്ഷേ, ടീമിലെ വിഭവങ്ങളെ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതില്‍ പഞ്ചാബിനോളം മികവു പുലര്‍ത്തിയ മറ്റൊരു ടീമില്ല. കഴിഞ്ഞ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 182 റണ്‍സ് പ്രതിരോധിക്കുക എന്നത് പഞ്ചാബ് ബോളര്‍മാര്‍ക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. ട്വന്റി20 മത്സരങ്ങളില്‍ ശരാശരി നിലവാരം മാത്രമുള്ള മുഹമ്മദ് ഷമി ഐപിഎല്‍ സീസണില്‍ ഉജ്വല പ്രകടനമാണ് നടത്തുന്നത്.

വൈറ്റ് ബോള്‍ ക്രിക്കറ്റിനു യോജിച്ച താരമല്ലെന്നു വിലയിരുത്തപ്പെടുന്ന അശ്വിന്‍, ഒട്ടേറെ ലെഗ് സ്പിന്നര്‍മാരില്‍ ഒരാള്‍ മാത്രമായ മുരുഗന്‍ അശ്വിന്‍, കേട്ടുകേള്‍വി പോലും ഇല്ലാത്ത താരമായ അര്‍ഷ്ദീപ് സിങ്, അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹമാന്‍… ഇവര്‍ അഞ്ചുപേരും ചേര്‍ന്നാണു റോയല്‍സിനെ പൂട്ടിയത്. വളരെ കുറച്ച് ഓവറുകളില്‍ മാത്രമാണു രാജസ്ഥാന്‍ മത്സരത്തില്‍ ഉണ്ടായിരുന്നതു തന്നെ.

ക്യാപ്റ്റനാണു പഞ്ചാബിന്റെ കരുത്ത്. ഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്‍മാരില്‍ ധോണിക്കൊപ്പമാണ് അശ്വിന്റെയും സ്ഥാനം. പഞ്ചാബ് ടീമിലേക്കു നോക്കുമ്പോള്‍ തന്നെ അവരെ നയിക്കുന്നതാരാണ് എന്നതു ബോധ്യമാകും. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നാണിച്ചു നിന്നിട്ടില്ല അശ്വിന്‍. ടീം അംഗങ്ങളുമായി അടുത്തു നില്‍ക്കുന്നതിലും ആവേശം ഉയര്‍ത്തുന്നതിലും അയാള്‍ മുന്നിലുണ്ട്. അശ്വിന്റെ ബോളിങ്ങും മികച്ചതു തന്നെ. പഞ്ചാബിനു പ്ലേ ഓഫ് ഘട്ടത്തിലേക്കു യോഗ്യത നേടാനായാല്‍ അത് അശ്വിന്റെ വിജയമായിരിക്കും!”