ഇടം ഉറപ്പിച്ചയാൾ ഇടറുന്നു; പുതുതാരത്തെ തേടാൻ ടീം ഇന്ത്യ

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് മുന്നിൽക്കണ്ട് പുതു പരീക്ഷണങ്ങൾ നടത്തുകയാണ് ഇന്ത്യ. ശ്രീലങ്കയിൽ യുവ നിരയെ അയച്ചതുതന്നെ ലോക കപ്പ് ടീമിൽ അവശേഷിക്കുന്ന സ്ഥാനങ്ങളിലെ കളിക്കാരെ നിർണയിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

എന്നാൽ ടീമിൽ ഏറെക്കുറെ ഇടം ഉറപ്പിച്ച ഒരു കളിക്കാരന്റെ പതർച്ച ഇന്ത്യയെ അലട്ടുന്നു. സ്ഥിതിഗതികളിൽ മാറ്റമുണ്ടായില്ലെങ്കിൽ പകരക്കാരനെ കണ്ടെത്തേണ്ട യത്‌നം ടീം ഇന്ത്യക്ക് അധികംവൈകാതെ തുടങ്ങേണ്ടിവരും.

വമ്പനടികൾക്കും തന്ത്രപരമായ ബൗളിംഗിനും പേരുകേട്ട ഹാർദിക് പാണ്ഡ്യയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. സമീപ കാലത്തായി ഓൾ റൗണ്ടർ എന്ന നിലയിൽ നിന്നും ബാറ്റ്‌സ്മാൻ എന്നതിലേക്ക് മാത്രമായി ഒതുങ്ങുകയാണ് ഹാർദിക്.

മൂന്നാം പേസറായി കണക്കാക്കപ്പെടുന്ന ഹാർദ്ദിക്കിന് ആ നിലവാരത്തിലേക്ക് ഉയരാൻ സാധിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ രണ്ടു മത്സരങ്ങളിൽ ഒമ്പത് ഓവറുകൾ മാത്രമാണ് ഹാർദിക് എറിഞ്ഞത്. ഒരു വിക്കറ്റ് മാത്രം പിഴുത ഹാർദിക് 54 റൺസും വഴങ്ങി. രണ്ടാം ഏകദിനത്തിൽ ഹാർദ്ദിക്കിന്റെ ബാറ്റിംഗും പാളി. അക്കൗണ്ട് തുറക്കുംമുൻപേ കൂടാരം കയറേണ്ടിവന്നു.

ഹാർദിക് പരിക്കിന്റെ ലക്ഷണങ്ങൾ കാട്ടുന്നുവെന്നതാണ് അതിലും ആശങ്കാജനകമായ കാര്യം. ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ ഹാർദിക് ഇടുപ്പിൽ കൈ വെയ്ക്കുന്നത് കാണാമായിരുന്നു. 2019ൽ ശസ്ത്രക്രിയവരെ വേണ്ടിവന്ന അരക്കെട്ടിലെ പരിക്ക് ഹാർദ്ദിക്കിനെ വീണ്ടും വേട്ടയാടാൻ തുടങ്ങിയോ എന്ന സംശയത്തിലാണ് ടീം മാനെജ്‌മെന്റ്.

എന്നാൽ ട്വന്റി20 ലോക കപ്പിന് മുൻപ് ഹാർദ്ദിക്കിനെ അധികം പന്തെറിയിക്കേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഏകദിനത്തിൽ കുറച്ച് ഓവറുകൾ നൽകുന്നതെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ശരൺദീപ് സിംഗ് വിലയിരുത്തുന്നു. ട്വന്റ20യിൽ നാല് ഓവറിന്റെ ക്വാട്ട പൂർത്തീകരിക്കാൻ ഹാർദ്ദിക്കിന് സാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.