ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരാള്‍ കൂടി ; ഐപിഎല്‍ 2022 ല്‍ അഹമ്മദാബാദിനെ ഈ താരം നയിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ഭാവിയിലെ നായകന്മാരുടെ മത്സരവേദി കൂടിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്. പുതിയ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരാളെക്കൂടി വാഗ്ദാനം ചെയ്യുകയാണ് ഐപിഎല്ലിലെ നവാഗതരായ അഹമ്മദാബാദ് ഫ്രാഞ്ചൈസി. ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് നായകസ്ഥാനത്തേക്ക് ഇവര്‍ കണ്ടു വെച്ചിരിക്കുന്നത്. രോഹിത്ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിലെ സൂപ്പര്‍താരത്തെ അഹമ്മദാബാദ് ഫ്രാഞ്ചൈസി റാഞ്ചിയേക്കുമെന്നാണ് കേള്‍ക്കുന്നത്.

പുതിയതായി ഐപിഎല്ലില്‍ ടീമിനെ ഇറക്കുന്ന അഹമ്മദാബാദ്, ലക്‌നൗ ഫ്രാഞ്ചൈസികള്‍ പ്ലേയേഴ്‌സ് ഡ്രാഫ്റ്റില്‍ നിന്നും മൂന്ന് കളിക്കാരെ എടുക്കാനാകും. അഞ്ചു തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ തങ്ങളുടെ പ്രധാന താരങ്ങളിലൊരാളായ പാണ്ഡ്യയെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെ ഹൃദ്യമായ വിടവാങ്ങല്‍ സന്ദേശവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സില്‍ നി്ന്നും കുറേ നല്ല ഓര്‍മ്മകളുമായാണ് താന്‍ പോകുന്നതെന്നും വലിയ സ്വപ്‌നങ്ങളുമായി ഐപിഎല്ലില്‍ എത്തിയ തന്നെ കളിക്കാരനാക്കിയതും നല്ലൊരു മനുഷ്യാനായി വളരാനും മുംബൈ ഇന്ത്യന്‍സ് സഹായിച്ചെന്നും പറഞ്ഞു. ഐപിഎല്ലില്‍ നിന്നും അനേകം നായകന്മാരെയാണ് ഇന്ത്യയ്ക്ക് കിട്ടിയത്. വിരാട് കോഹ്ലിയും അജിങ്ക്യാ രഹാനേയും രോഹിത്ശര്‍മ്മയുമെല്ലാം നായകന്മാരായി വളര്‍ന്നുവന്നത് ഐപിഎല്ലിലൂടെയായിരുന്നു.