ഇന്ത്യ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ടീമെന്ന് വോണ്‍; വായടപ്പിക്കുന്ന മറുപടി നല്‍കി ഹാര്‍ദ്ദിക്

വൈറ്റ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്ന് ഇന്ത്യയാണെന്ന ഇംഗ്ലണ്ട് മുന്‍ മൈക്കല്‍ വോണിന്‍റെ വിമര്‍ശനത്തിനോട് പ്രതികരിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ. ആളുകള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാവുമെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ഒന്നും ഇനി തെളിയിക്കേണ്ടതായി ഉണ്ടെന്ന് കരുതുന്നില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ടി20 ലോകകപ്പ് സെമിയില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് പറയുന്നില്ല. ആളുകള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാവും. അതിനെ ബഹുമാനിക്കുന്നു. ഓരോ ആളുകള്‍ക്കും ഓരോ തരം അഭിപ്രായമാണുള്ളത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ഒന്നും ഇനി തെളിയിക്കേണ്ടതായി ഉണ്ടെന്ന് കരുതുന്നില്ല.

ഇതൊരു കായിക ഇനമാണ്. മികച്ച ഫലം ലഭിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ ചിലപ്പോള്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചേക്കില്ല. ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ട്. അത് മെച്ചപ്പെടുത്തി മുന്നോട്ട് പോകും- ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

മികച്ച താരങ്ങളുണ്ടായിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യ കളി നിലവാരത്തിനും താഴെയായിരുന്നു എന്നായിരുന്നു വോണിന്റെ വിമര്‍ശനം. മികച്ച താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് അറിയില്ലെന്നും ഇനിയെങ്കിലും മികച്ച മാറ്റത്തിന് തയ്യാറാവണമെന്നുമായിരുന്നു വോണിന്റെ വിമര്‍ശനം.