ആദ്യം ഡയലോഗടി നിര്‍ത്തൂ; ഹാര്‍ദ്ദിക്കിനോട് ജയവര്‍ധനെ

ഐപിഎല്ലില്‍ മോശം ഫോമിലുള്ള മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഉപദേശവുമായി എംഐ പരിശീലകനും ലങ്കന്‍ ഇതിഹാസ താരവുമായ മഹേള ജയവര്‍ധനെ. കമന്ററി പറയുന്നത് നിര്‍ത്തി സ്വയം സംസാരിച്ച് തുടങ്ങൂവെന്നാണ് ജയവര്‍ധന ഹാര്‍ദിക്കിനെ ഉപദേശിക്കുന്നത്. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഹാര്‍ദിക്കിന് ജയവര്‍ധനെയുടെ ഉപേശം.

‘നീ പരിശീലനം നടത്തുമ്പോള്‍ കമന്ററി പറയുന്നത് നിര്‍ത്തൂ. ബോളര്‍മാര്‍മാരോട് സംസാരിക്കുന്നത് നിര്‍ത്തൂ. ഗുഡ് ലെങ്തിലെറിയാനൊന്നും പറയേണ്ട. മത്സരത്തിലും അത് ചെയ്യരുത്. സ്വയം സംസാരിക്കുകയാണ് വേണ്ടത്. നീ എന്തോ തെറ്റായി ചെയ്യുന്നുണ്ടെന്ന് നിനക്കറിയാം. നിന്റെ മനസില്‍ തോന്നുന്നതെന്തോ അതാണ് ചെയ്യേണ്ടത്’ ജയവര്‍ധനെ വീഡിയോയില്‍ പറഞ്ഞു.

മുംബൈയുടെ വെടിക്കെട്ട് താരമായ ഹാര്‍ദ്ദിക്കിന് ഈ സീസണില്‍ വെറും 117 റണ്‍സ് മാത്രമാണ് ഇതുവരെ നേടാനായിട്ടുള്ളത്. ഓള്‍റൗണ്ടറായ താരം ഇതുവരെ മുംബൈയ്ക്കായി ബോളിംഗ് ചെയ്തിട്ടില്ല. പരിക്ക് തന്നെയാണ് താരത്തിന്റെ പ്രധാന പ്രശ്‌നം. ഇത് മുംബൈയ്ക്കും ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

MI vs SRH Head-to-head: IPL 2021 Mumbai Indian vs Sunrisers Hyderabad Match 9 Records

നിലവില്‍ മുംബൈയുടെ പ്ലേഓഫ് സാദ്ധ്യതകള്‍ അവസാനിച്ചു കഴിഞ്ഞു. എന്നാല്‍ സാങ്കേതികമായിട്ട് മുംബൈ ഇന്ത്യന്‍സിന് സാദ്ധ്യത ബാക്കി നില്‍ക്കുന്നുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ ടോസ് നേടി മുംബൈ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കണം. 250നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് കുറഞ്ഞത് 171 റണ്‍സിന്റെയെങ്കിലും വിജയവും നേടണം. എങ്കില്‍ മാത്രമേ കെകെആറിനെ മറികടന്ന് മുംബൈയ്ക്ക് പ്ലേഓഫിലെത്താനാകൂ.