നായകനായി നേരിട്ട ആദ്യ പന്തില്‍ ലക്‌നൗ നായകനെ ഹര്‍ദിക് നാണം കെടുത്തി ; സഹോദരനെ കൊണ്ട് രാഹുല്‍ മറുപണി കൊടുത്തു...!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുമോടിക്കാരുടെ മത്സരത്തില്‍ നാണക്കേടോടെ തുടക്കമിട്ട് ഇന്ത്യയുടെ ഭാവി നായകന്‍ വീണപ്പോള്‍ സഹോദരന് മുന്നില്‍ പതറി ഗുജറാത്ത് നായകന്‍. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം അനേകം കൗതുകത്തോടെയാണ് പൂര്‍ത്തിയായത്. ആദ്യ പന്തില്‍ തന്നെ ലക്‌നൗ നായകന്‍ വീണപ്പോള്‍ സഹോദരന്‍ കുനാലിനെക്കൊണ്ട് ഗുജറാത്ത് ടൈറ്റന്‍സ് നായകന്റെ വിക്കറ്റ് കെ.എല്‍. രാഹുല്‍ എടുപ്പിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ലക്‌നൗവിനായി ഓപ്പണറായി എത്തിയതായിരുന്നു കെ.എല്‍. രാഹുല്‍. മുഹമ്മദ് ഷമിയായിരുന്നു ബൗളര്‍. ഷമിയുടെ ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ ഔട്ട് സ്വിങ്ങറില്‍ ബാറ്റ് വെച്ച രാഹുല്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന് ക്യാച്ച് നല്‍കി. അംപയര്‍ ഔട്ട് നല്‍കാതിരുന്നതോടെ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ തീരുമാനം റിവ്യൂ ചെയ്തു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ബാറ്റില്‍ പന്ത് ഉരസിയതായി വ്യക്തമായതോടെ കെ എല്‍ രാഹുല്‍ പുറത്തായി.

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ഫ്രാഞ്ചൈസി ടീമിന്റെ നായകന്‍ കളിയുടെ ആദ്യ പന്തില്‍ മടങ്ങേണ്ടി വന്നതായിരുന്നു ആദ്യ കൗതുകം. ഇത് രണ്ടാം തവണയാണ് കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ ഗോള്‍ഡന്‍ ഡെക്കാവുന്നത്. 2016ല്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് രാഹുലിനെ ആദ്യമായി ഗോള്‍ഡന്‍ ഡെക്കാക്കിയത്. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ത്തന്നെ റിവ്യൂ ചെയ്യുക എന്ന വലിയ സമ്മര്‍ദ്ദമാണ് ഹര്‍ദിക് മറികടന്നത്. നായകനെന്ന നിലയില്‍ തുടക്കക്കാരനായിട്ടും ഹര്‍ദിക് അതിന് ധൈര്യം കാട്ടി

ഇതിന് തന്റെ ടീമിലുള്ള ഹര്‍ദികിന്റെ സഹോദരനെ കൊണ്ടായിരുന്നു രാഹുല്‍ പകരം വീട്ടിയത്. ഗുജറാത്തിനായി നാലാമനായി ബാറ്റ് ചെയ്യാന്‍ വന്ന ഹര്‍ദിക് പാണ്്ഡ്യയെ സഹോദരന്‍ കുനാല്‍ പാണ്ഡ്യയെക്കൊണ്ട്് രാഹുല്‍ വിക്കറ്റ് എടുപ്പിച്ചു. മനീഷ് പാണ്ഡേയ്ക്ക് ആയിരുന്നു ക്യാച്ച്. പക്ഷേ നാലാമനായി ബാറ്റിംഗിനിറങ്ങിയ പാണ്ഡ്യ 28 പന്തുകളില്‍ 33 റണ്‍സ് എടുത്തു. അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച ശേഷമാണ് ഹര്‍ദിക് പുറത്തായത്. മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടറായിരുന്ന ഹര്‍ദിക്കിന് 16 കോടിക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്. അവസാന സീസണുകളിലെല്ലാം ഗംഭീര പ്രകടനം നടത്തിയ രാഹുല്‍ പഞ്ചാബ് കിങ്സ് നായകസ്ഥാനം ഒഴിഞ്ഞാണ് ലഖ്നൗ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത്.