ഒരോ ദിവസവും കൂടുതല്‍ പണം വാരാനുളള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്, കോഹ്ലിയോട് ഹര്‍ഭജന്‍

വിരാട് കോഹ്ലിയെന്ന ഇന്ത്യന്‍ നായകന്‍ ഒരു വര്‍ഷം നൂറ് കോടിയിലധികം വരുമാനമുളള ബ്രാന്‍ഡാണ് ഇന്ത്യന്‍ വിപണിയില്‍. ഒരോ ദിവസവും കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിക്കുന്നതായാണ് വിപണി വിലയിരുത്തുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റിംഗില്‍ കോഹ്ലി പ്രകടിപ്പിക്കുന്ന മേധാവിത്വമാണ് അദ്ദേഹത്തെ ഇന്ത്യന്‍ വിപണിയിലെ ചോദ്യം ചെയ്യാനാകാത്ത ബ്രാന്‍ഡ് ആയി വളര്‍ത്തിയത്.

അതെസമയം കോഹ്ലി പരസ്യത്തിലൂടെ വരുമാനമുണ്ടാക്കുന്നതിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

ഓരോ ദിവസവും കൂടുതല്‍ പഠിക്കാനും വളരാനും അവസരം നല്‍കുന്നു എന്ന അടിക്കുറിപ്പോടു കൂടെ കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിയിലാണ് ഹര്‍ഭജന്റെ കമന്റ്. ഓരോ ദിവസവും താങ്കള്‍ക്ക് കൂടുതല്‍, കൂടുതല്‍ പണം നേടാനുള്ള അവസരമാണ് ലഭിക്കുന്നതെന്നായിരുന്നു കോഹ്ലിയെ ട്രോളി ഹര്‍ഭജന്റെ കമന്റ്.