കപില്‍ ദേവിന്റെ പിന്‍ഗാമിയെന്ന് വാഴ്ത്തല്‍; ഇനി ടീമില്‍ തിരിച്ചെത്താന്‍ വിയര്‍ക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യനായ ഓള്‍ റൗണ്ടര്‍ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്ന് പല പേരുകളും ഉയര്‍ത്തിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരിലാരും കപിലിന്റെ മികവിന്റെ അടുത്തുപോലും എത്തിയിട്ടില്ല. കപിലിന് പകരക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവരില്‍ ഒടുവിലത്തെയാളാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഹാര്‍ദിക്കിനും പ്രതീക്ഷയ്ക്ക് ഉയരാന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ഹോം സീരിസില്‍ നിന്ന് ഹാര്‍ദിക്കിന് വിശ്രമം അനുവദിച്ചതല്ല ഒഴിവാക്കിയതാണെന്ന് വ്യക്തം.

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് പറ്റിയ ഏറ്റവും വലിയ പിഴവാണ് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നാലാം പേസറായി പരിഗണക്കിപ്പെട്ടിരുന്ന ഹാര്‍ദിക് പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിരുന്നില്ല. അതുകാരണം ബോളര്‍ എന്ന നിലയില്‍ ഹാര്‍ദിക്കിന്റെ സേവനം ഇന്ത്യക്ക് ലഭിച്ചില്ല. ബാറ്ററുടെ റോളിലും നിര്‍ണായക മത്സരങ്ങളില്‍ ഹാര്‍ദിക് പരാജയമായിരുന്നു. ബാറ്ററായി പോലും പരിഗണിക്കാനുള്ള യോഗ്യത ഹാര്‍ദിക് നഷ്ടപ്പെടുത്തിയെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ മധ്യപ്രദേശിന്റെ യുവ താരം വെങ്കടേഷ് അയ്യരെ ഹാര്‍ദിക്കിന്റെ സ്ഥാനത്ത് വളര്‍ത്തിയെടുക്കാനാണ് തീരുമാനം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഓപ്പണറായാണ് തിളങ്ങിയതെങ്കിലും ഇന്ത്യന്‍ ടീമില്‍ മധ്യനിരയില്‍ വെങ്കടേഷിനെ കളിപ്പിക്കുമെന്നാണ് സൂചന. ഹാര്‍ദിക്കിന്റെ പൊസിഷനാണ് വെങ്കടേഷിന് മാറ്റിവച്ചിരിക്കുന്നതെന്ന് അറിയുന്നു. ഏതാനും ഓവറുകളും വെങ്കടേഷിന് നല്‍കും.

വെങ്കടേഷ് തിളങ്ങിയാല്‍ ഹാര്‍ദിക്കിന്റെ വഴിയടയുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഓസ്‌ട്രേലിയ ആതിഥ്യം വഹിക്കുന്ന അടുത്ത ടി20 ലോക കപ്പിന് 11 മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അതിനാല്‍ത്തന്നെ കായികക്ഷമതയില്ലാത്ത ഹാര്‍ദിക്കിനെ കൈവിട്ട് വെങ്കടേഷിനെ പിന്തുണയ്ക്കാനായിരിക്കും പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇഷ്ടപ്പെടുക.