രാജസ്ഥാനോ, ഗുജറാത്തോ?; ജേതാക്കളെ പ്രവചിച്ച് സുരേഷ് റെയ്‌ന

ഐപിഎല്‍ 15ാം സീസണില്‍ ഇന്ന് നടക്കാനിരിക്കുന്ന ഫൈനലില്‍ ആര് വിജയിക്കുമെന്ന പ്രവചനവുമായി ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടക്കുന്ന പോരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് കിരീടം നേടുമെന്നാണ് റെയ്‌ന പ്രവചിച്ചിരിക്കുന്നത്.

‘നാലോ അഞ്ചോ ദിവസത്തെ മികച്ച വിശ്രമവും, ഈ സീസണിലെ ടെമ്പോയും കാരണം ഗുജറാത്ത് ടൈറ്റന്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഫൈനല്‍ മത്സരത്തില്‍ മുന്‍തൂക്കം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ആര്‍ആറിനെ നിസ്സാരമായി കാണാനാകില്ല. കാരണം അവര്‍ മികച്ച ഫോമിലാണ്.’

‘ജോസ് ബട്ട്ലര്‍ ഈ സീസണില്‍ അവസാന മത്സരത്തിലും തിളങ്ങിയാല്‍ അത് ടീമിന് വലിയ ബോണസായിരിക്കും. അതിനാല്‍, ഇത് ഒരു ഇതിഹാസ ഏറ്റുമുട്ടലായിരിക്കും. കൂടാതെ, ഇവിടെ അഹമ്മദാബാദില്‍ വിക്കറ്റ് മികച്ചതാണ്. ബാറ്റര്‍മാരില്‍ നിന്ന് ധാരാളം സ്‌ട്രോക്കുകള്‍ കണ്ടിട്ടുണ്ട്’ റെയ്‌ന കൂട്ടിച്ചേര്‍ത്തു.

2008നു ശേഷം ആദ്യമായാണു രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഗുജറാത്തിനാകട്ടെ ഇത് കന്നി സീസണാണ്. ടൂര്‍ണമെന്റിലുടനീളം വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗുജറാത്ത് കാഴ്ചവയ്ക്കുന്നതും.

ഇന്ന് വൈകിട്ട് 8 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തന്നെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ അനായാസം മറികടന്നതിന്റെ ഉണര്‍വിലാണ് സഞ്ജുവം കൂട്ടരും.