ഇനി ഞാനത് രോഹിത്തിനോട് ചോദിച്ചു വാങ്ങില്ല; മതിയായെന്ന് ഗില്‍

ടെസ്റ്റ് കരിയറില്‍ ഇനിയൊരിക്കലും ഇന്നിംഗ്‌സിലെ ആദ്യ ബോള്‍ നേരിടാനില്ലെന്ന് യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. മുമ്പുണ്ടായ ഒരു മോശം അനുഭവമാണ് ഗില്ലിനെ ആദ്യ ബോള്‍ നേരിടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഗില്‍ മൂന്നാം ബോളില്‍ പൂജ്യത്തിന് പുറത്തായിരുന്നു.

“അഹമ്മദാബാദ് ടെസ്റ്റില്‍ ആദ്യ സ്ട്രൈക്ക് നേരിടാന്‍ ഞാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു. ആ തീരുമാനത്തില്‍ കുറ്റബോധമുണ്ട്.
അന്ന് ആദ്യ ബോള്‍ ഞാന്‍ നേരിടാമെന്നു രോഹിത്തിനോടു എന്തുകൊണ്ടാണ് പറഞ്ഞതെന്നു എനിക്കറിയില്ല. അതു പക്ഷെ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. മൂന്നാമത്തെയോ, നാലാമത്തെയോ ബോളില്‍ എനിക്കു ഡെക്കായി ക്രീസ് വിടേണ്ടിവന്നു” ഗില്‍ പറഞ്ഞു.

കരിയറില്‍ ആദ്യമായിട്ടായിരുന്നു ഗില്‍ ആദ്യ സ്ട്രൈക്ക് നേരിട്ടത്. അന്നു ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സന്റെ മൂന്നാമത്തെ ബോളില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഈ ടെസ്റ്റിനു മുമ്പുള്ള ഇന്നിംഗ്സുകളില്‍ രോഹിത്തായിരുന്നു ആദ്യ ബോള്‍ നേരിട്ടിരുന്നത്.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഗില്‍. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.