ഗെയ്ല്‍ യൂണിവേഴ്‌സല്‍ ബോസോ?, ഉത്തരം നല്‍കി സ്പിന്‍ മാന്ത്രികന്‍

ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും വിസ്‌ഫോടനശേഷിയുള്ള ബാറ്ററാണ് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. കുട്ടി ക്രിക്കറ്റില്‍ വെടിക്കെട്ടിലൂടെ ഗെയ്ല്‍ തീര്‍ത്ത റെക്കോഡുകള്‍ നിരവധി. യൂണിവേഴ്‌സ് ബോസ് എന്നാണ് ഗെയ്ല്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സിനുവേണ്ടി കളിക്കുന്ന ഗെയ്‌ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തില്‍ തിളങ്ങിയിരുന്നില്ല. എസ്ആര്‍എച്ചിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു ഗെയ്‌ലിന്റെ മടക്കം.

കളിയുടെ ഇടവേളയില്‍ ഗെയ്‌ലിനെ കുറിച്ച് റാഷിദിനോട് കമന്റേറ്റര്‍ ഇങ്ങനെ ചോദിച്ചു- ഗെയ്‌ലിനെ നിങ്ങള്‍ക്ക് യൂണിവേഴ്‌സ് ബോസായി തോന്നുന്നില്ല അല്ലേ ? അതിന് ചിരിച്ചുകൊണ്ട് റാഷിദ് ഇങ്ങനെ മറുപടി പറഞ്ഞു- ലോകത്തെ ഏറ്റവും മികച്ച ഹിറ്റര്‍മാരില്‍ ഒരാളാണ് ഗെയ്ല്‍. ഇത് അദ്ദേഹത്തിന്റെ ദിവസമല്ലായിരുന്നു. തീര്‍ച്ചയായും ഗെയ്ല്‍ മാത്രമാണ് യൂണിവേഴ്‌സ് ബോസ്. പിച്ചിന്റെ സ്വഭാവം ബോളര്‍മാര്‍ക്ക് അനുകൂലമായിരുന്നെന്നും അത് ആസ്വദിച്ചെന്നും റാഷിദ് പറഞ്ഞു.