ടീം സെലക്ഷനില്‍ വിവാദം പുകയുന്നു: ശിഖര്‍ ധവാന്‍ ടീമിലെ ബലിയാട്; ഇന്ത്യന്‍ ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെതിരേ വിവാദം പുകയുന്നു. ശിഖര്‍ ധവാനെയും ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കിയ ടീം തെരഞ്ഞെടുപ്പിനെതിരേ മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളടക്കം രംഗത്തു വന്നു. ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിലെ ബലിയാടാണെന്ന പ്രസ്താവനയുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത് വന്നു.

ഒരു ഇന്നിങ്‌സില്‍ പരാജയപ്പെട്ടാല്‍ അടുത്ത മത്സരത്തില്‍ നിന്ന് ശിഖര്‍ ധവാന്‍ പുറത്താകും. ഇന്ത്യന്‍ ടീമിലെ ബലിയാടാണ് ധവാന്‍ എന്നാണ് സണ്ണി വ്യക്തമാക്കിയത്. ധവാന് പകരം അജിന്‍ക്യ രഹാനെയയാണ് കോഹ്ലി സെഞ്ച്യൂറിയനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധവാന് പകരമായി ലോകേഷ് രാഹുലിനാണ് അവസരം നല്‍കിയിരിക്കുന്നത്. അതേസമയം, വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള രഹാനെയ്ക്ക് അവസരം നല്‍കാത്തതില്‍ കോഹ്ലിക്കെതിരേ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. രണ്ടാം ടെസ്റ്റിലും രഹാനെയ്ക്ക് അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം തയാറായിട്ടില്ല. ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് മനസിലാകുന്നില്ലെന്നും ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതാണ് ഗവാസ്‌ക്കറിനെ അമ്പരപ്പിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ സ്വിങ്ങും ഫാസ്റ്റുമായി മികച്ച കളിയാണ് ഭുവനേശ്വര്‍ പുറത്തെടുത്തിരുന്നത്. പേരു കേട്ട ബാറ്റിംഗ് നിരയെക്കാളും ബാറ്റിങ്ങും മോശമല്ലായിരുന്നു. എന്നിട്ടും ഭുവനേശ്വറിനെ പുറത്താക്കിയതാണ് തന്നെ അമ്പരപ്പിച്ചിരിക്കുന്നതാണ് ഗവാസ്‌ക്കര്‍ വ്യക്തമാക്കി.