കോഹ്ലി തുടരുന്നതിനെതിരെ ഇതിഹാസതാരം, പൊട്ടിത്തെറിയില്‍ വഴിത്തിരിവ്

ഏകദിന ലോക കപ്പില്‍ സെമി ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ നായകനായി വിരാട് കോഹ്ലിയെ തുടരാന്‍ അനുവദിച്ചതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഒരു നായകനെ തുടരാനനുവദിച്ചതിന് പിന്നിലെ മാനദണ്ഡങ്ങളൊന്നും ടീം മാനേജുമെന്റ് പാലിച്ചില്ലെന്ന് ഗവാസ്‌കര്‍ തുറന്ന പറയുന്നു.

ബി.സി.സി.ഐയ്ക്ക് നേരെ കൂടിയാണ് ഗവാസ്‌കറുടെ വിമര്‍ശനം നീളുന്നത്. ഇപ്പോഴത്തെ കോഹ്ലി – രോഹിത്ത് പടലപ്പിണക്കങ്ങള്‍ക്കിടയില്‍ ഗവാസ്‌കറുടെ ഇടപെടല്‍ ഏറെ പ്രധാന്യത്തോടെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.

ലോക കപ്പിന് ശേഷം കോഹ്ലി എങ്ങനെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നുവെന്നും കോഹ്ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഇംഗ്ലണ്ട് ലോക കപ്പ് വരെയായിരുന്നുവെന്നും ഗവാസ്‌കര്‍ ഓര്‍മ്മിക്കുന്നു. ഇതിനു ശേഷം കോഹ്ലിയ്ക്ക് ക്യാപ്റ്റനായി തുടരണമെങ്കില്‍ സെലക്ടമാര്‍ തീരുമാനിക്കണമായിരുന്നെന്നും ഇതൊന്നും സംഭവിച്ചില്ലെന്നും ഗവാസ്‌കര്‍ പറയുന്നു.

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ സെലക്ടര്‍മാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമായിരുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു.