ധോണിയേയും രോഹിത്തിനേയും 'നമ്പി' ജീവിക്കുന്നു, കോഹ്ലിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ധോണിയുടേയും രോഹിത്ത് ശര്‍മ്മയുടേയും സഹായമുളളതിനാല്‍ മാത്രമാണ് നായകനെന്ന നിലയില്‍ കോഹ്ലി പിടിച്ചു നില്‍ക്കുന്നതെന്നാണ് ഗംഭീര്‍ വിലയിരുത്തുന്നത്. ഐപിഎല്ലില്‍ കോഹ്ലിയുടെ ടീം കാഴ്ച്ചവെയ്ക്കുന്ന ദയനീയ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഗംഭീര്‍ ഇത്തരമൊരു നീരീക്ഷണം നടത്തുന്നത്.

വിദ്യാര്‍ത്ഥികളോട് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിജെപി എംപി കൂടിയായ ഗംഭീര്‍. മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് നേടിയത് നോക്കൂ, ചെന്നൈയ്ക്ക് വേണ്ടി ധോണി നേടിയത് കാണു. അവരുടെ നേട്ടങ്ങളുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി താരതമ്യപ്പെടുത്തിയാല്‍ തന്നെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാവുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

നായകത്വത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഒരുപാട് ദൂരം മുമ്പോട്ടു പോവാനുണ്ടെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

കെ എല്‍ രാഹുലിന് നീണ്ട നാളുകള്‍ ലഭിച്ചു. ടെസ്റ്റില്‍ ഇനി രോഹിത്തിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം നല്‍കേണ്ട സമയമാണ്. സ്‌ക്വാഡില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയെങ്കില്‍ പ്ലേയിംഗ് ഇലവനിലും നിങ്ങള്‍ രോഹിത്തിനെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാനം ഇല്ലെങ്കില്‍ പിന്നെ സ്‌ക്വാഡില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തരുതെന്നും ഗംഭീര്‍ പറഞ്ഞു.