ധോണിയോട് ശത്രുതയോ?; ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി ഗംഭീര്‍

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയും മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും തമ്മില്‍ അത്ര സുഖത്തിലല്ല എന്നാണ് പൊതുധാരണ. പലപ്പോഴും ധോണിയെ കടന്നാക്രമിച്ച് ഗംഭീര്‍ രംഗത്ത് വന്നത് ഈ സംശയത്തിന് ആക്കം കൂട്ടി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് ഗംഭീര്‍.

‘എനിക്ക് ധോണിയോട് വളരെ ബഹുമാനമാണുള്ളത്. അത് ഇനിയും തുടരും. ഇത് ഒരു മാധ്യമത്തോടാണ് ഞാന്‍ പറയുന്നത്. ഏത് സമയത്തും ഏത് വേദിയിലും 138 കോടി ജനങ്ങളോട് എനിക്കിത് പറയാന്‍ സാധിക്കും. ധോണിക്ക് എന്തെങ്കിലും ആവിശ്യം വന്നാല്‍ ധോണിക്ക് ശേഷം നില്‍ക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും. കാരണം അത്രത്തോളം മികച്ച സംഭാവനകള്‍ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയിട്ടുണ്ട്. വലിയൊരു മനുഷ്യനാണ് ധോണി.’

‘ഓരോ മത്സരത്തെയും നമ്മള്‍ നോക്കികാണുന്നത് ഓരോ വഴിയിലൂടെയാണ്. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായമായിരിക്കും ഉണ്ടാവുക. ഞാന്‍ ചിലപ്പോള്‍ വ്യത്യസ്തമായ വഴിയിലൂടെയാവും മത്സരങ്ങള്‍ കാണുക. എനിക്ക് എന്റേതായ അഭിപ്രായങ്ങള്‍ കാണും. ധോണിക്ക് ധോണിയുടേതായ അഭിപ്രായങ്ങളാവും ഉണ്ടാവുക.’

‘ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറെ നാള്‍ വൈസ് ക്യാപ്റ്റനായിരുന്ന താരമാണ് ഞാന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ എതിരാളികളായി നിന്നിട്ടുണ്ട്. എന്നാല്‍ എപ്പോഴും അദ്ദേഹത്തോട് ബഹുമാനമാണ്. വലിയ വ്യക്തിത്വലും വലിയ ക്രിക്കറ്റ് താരവുമാണ് ധോണി’ ഗംഭീര്‍ പറഞ്ഞു.