സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാംഗുലി; ഏഷ്യയില്‍ നിന്നും ഒരു ടീം മാത്രം

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങിയതിനു പിന്നാലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബിസിസിഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം മെല്‍ബണില്‍ നടക്കുന്നതിനു മുമ്പായിരുന്നു സെമിയിലെത്തുന്ന ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നു ദാദ പ്രവചിച്ചത്. ഏഷ്യയില്‍ നിന്നും ഒരു ടീം മാത്രമേ സെമിയിലുണ്ടാവുകയുള്ളൂവെന്നാണ് ഗാംഗുലി പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനലിലുണ്ടാവും. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെയാണ് ഞാന്‍ മറ്റു സെമി ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കുക. ശക്തമായ ബോളിംഗ് ലൈനപ്പുള്ള ടീമാണ് ദക്ഷിണാഫ്രിക്കയുടേത്. ഓസ്ട്രേലിയയില്‍ അതു തീര്‍ച്ചയായും നിര്‍ണായകമാകുമെന്നും ഗാംഗുലി പറഞ്ഞു.

ഈ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളാണ് ഇന്ത്യ. ലോകകപ്പില്‍ പോരാട്ടങ്ങള്‍ എല്ലായ്പ്പോഴും വ്യത്യസ്തമാണ്. അടുത്ത രണ്ട്- മൂന്ന് ആഴ്ചകളില്‍ നന്നായി കളിക്കുന്ന ടീമുകള്‍ തങ്ങളുടെ സാന്നിധ്യമറിയിക്കും. നമ്മുടേത് ഇത്തവണ മികച്ച ടീമാണ്. വമ്പനടിക്കാര്‍ ടീമിലുണ്ട്. ടി20യില്‍ കളി നടക്കുന്ന മണിക്കൂറുകളിലെ ഫോം വളരെ നിര്‍ണായകമാണെന്നും ഗാംഗുലി വിലയിരുത്തി.

ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ചിരവൈരികളെ നാല് വിക്കറ്റിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം അവസാന ബോളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

Read more

53 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 82 റണ്‍സ് നേടി പുറത്താകാതെനിന്ന കോഹ്ലിയാണ് കളിയിലെ താരം. ഇന്ത്യക്ക് തുടക്കത്തിലേ കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ബാറ്റ് ചെയ്യാനെത്തിയ കോഹ്‌ലി പിന്നീട് പിന്നീട് തിരിഞ്ഞുനോക്കിയില്ല.