ഇന്ത്യന്‍ ക്രിക്കറ്റിനെ ഗാംഗുലി നിയന്ത്രിക്കും, നിര്‍ണായക പ്രഖ്യാപനത്തിന് കാതോര്‍ത്ത് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റാകുന്നു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. സമവായ നീക്കത്തിലൂടെയാണ് ഗാംഗുലി പ്രസിഡന്റാകുക എന്നാണ് സൂചന.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ആകും സെക്രട്ടറി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പുതിയ ജോയിന്റ് സെക്രട്ടറിയാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണകളായിട്ടുണ്ട്.

എസ് കെ നായര്‍ക്കും ടി സി മാത്യുവിനും ശേഷം ബിസിസിഐ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ജയേഷ് ജോര്‍ജ്. അനുരാഗ് ഠാക്കുറിന്റെ സഹോദരന്‍ അരുണ്‍ ധുമാല്‍ ട്രഷററുമാവും.

ഈമാസം 23-ന് ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് സമവായ നീക്കം നടക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച താത്കാലിക ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ എന്‍ ശ്രീനിവാസന്‍ പക്ഷവും അനുരാഗ് ഠാക്കൂര്‍ പക്ഷവും സമവായത്തിലൂടെ തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അനുരാഗ് ഠാക്കൂറിന്റെ പിന്തുണയുള്ള ഇന്ത്യയുടെ മുന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാവും ബിസിസിഐയുടെ പുതിയ പ്രസിഡന്റ്. ശ്രീനിവാസന്‍ പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ച മുന്‍താരം ബ്രിജേഷ് പട്ടേലിനെ ഐപിഎല്‍ ചെയര്‍മാനായി നിയമിച്ചേക്കും.