ഗാംഗുലി കേരളത്തിലേക്ക് വരുന്നു, മറ്റൊരു ഭൗത്യത്തിനായി

മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യയുടെ കളി കാണാന്‍ നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉണ്ടാകില്ല. പകരം കേരള സന്ദര്‍ശനമാണ് ഗാംഗുലി തീരുമാനിച്ചിരിക്കുന്നത്. ഐഎസ്എല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് ഗാംഗുലി കൊച്ചിയിലേക്ക് വിമാനം കയറുന്നത്.

“ഈ സീസണില്‍ ഐഎസ്എല്ലിന്റെ മുഖമാണ് ഞാന്‍. അവര്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിച്ചിരുന്നു. കൊച്ചിയില്‍ നിന്ന് നേരെ മുംബൈയിലേക്കാവും പോവുക” ഗാംഗുലി പറഞ്ഞു.

ഈ മാസം 23ന് ആണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുക. ബിസിസിഐ തലപ്പത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്റര്‍ സ്ഥാനം ഗാംഗുലി ഒഴിയും. എന്നാല്‍ ബംഗാളി ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദാദാ ഗിരിയിലും പരസ്യങ്ങളിലും തുടര്‍ന്നും അഭിനയിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി.

കമന്ററി, കോളമെഴുത്തി, ഐപിഎല്‍ ഷോ എന്നിവയില്‍ ഇനി താനുണ്ടാവില്ല. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം. ചുമതലയേല്‍ക്കുന്ന ആദ്യ ആഴ്ചയില്‍ തന്നെ വിവിധ കമ്മിറ്റികളുടേയും അപെക്സ് കൗണ്‍സിലിന്റേയും യോഗം വിളിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ബിസിസിഐ തലവനാവുന്ന സാഹചര്യത്തില്‍ ഐഎസ്എല്‍ ടീമായ എടികെയുമായുള്ള ബന്ധം തുടരുന്ന കാര്യത്തില്‍ അവരുമായി സംസാരിച്ച് ഉടനെ തീരുമാനം എടുക്കുമെന്നും ഗാംഗുലി പറഞ്ഞു.