'ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്ത്യ ജേതാക്കള്‍', കോഹ്ലിപ്പടയെ ഉപദേശിച്ച് ഗാംഗുലി

ട്വന്റി20 ലോക കപ്പില്‍ ചാമ്പ്യന്‍മാരാകുകയെന്നത് അനായാസ കാര്യമല്ലെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ടീമംഗങ്ങള്‍ പക്വത കാട്ടിയാല്‍ മാത്രമേ കിരീടനേട്ടം യാഥാര്‍ത്ഥ്യമാകുകയുള്ളൂവെന്ന് ഗാംഗുലി പറഞ്ഞു.

ലോക കപ്പ് സ്വന്തമാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ടൂര്‍ണമെന്റില്‍ പ്രവേശിച്ചയുടനെ ചാമ്പ്യന്‍ പട്ടം കിട്ടില്ല. അതിനു ഒരു പ്രകൃയയിലൂടെ കടന്നുപോകണം. ടീം മൊത്തത്തില്‍ പക്വത കാട്ടേണ്ടതുണ്ട്- ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ കളിക്കാര്‍ പ്രതിഭാധനരാണ്. സ്‌കോര്‍ ചെയ്യാനും വിക്കറ്റ് വീഴ്ത്താനുമുള്ള കഴിവുണ്ട് അവര്‍ക്ക്. മാനസികമായി നല്ല അവസ്ഥയില്‍ തുടരുകയാണ് ലോക കപ്പ് ജയിക്കാന്‍ ആവശ്യമായ പ്രധാന കാര്യം. ഫൈനല്‍സ് പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ജേതാക്കള്‍ നിശ്ചയിക്കപ്പെടുകയുള്ളൂ. അതിനു മുന്‍പ് ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ലോക കപ്പ് ട്രോഫിയെ കുറിച്ച് ആദ്യമേ ചിന്തിക്കരുത്. ഓരോ മത്സരങ്ങളും ജയിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും ഗാംഗുലി നിര്‍ദേശിച്ചു.