കീപ്പിംഗ് മാത്രം പോര, അവന്‍ സെഞ്ച്വറി അടിച്ച് തെളിയിക്കട്ടെ, സഞ്ജുവിനെയും കൂട്ടരേയും തള്ളാതെ ഗാംഗുലി

ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ബാറ്റിംഗില്‍ കൂടി മികവ് പുലര്‍ത്തണമെന്ന് നിയുക്ത ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. തന്റെ നാട്ടുകാരന്‍ കൂടിയായ സാഹ വിക്കറ്റ് കീപ്പിംഗില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടി കഴിവ് തെളിയിക്കണമന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

“സാഹയുടെ വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ 100 മല്‍സരങ്ങള്‍ കളിക്കണമെങ്കില്‍ ബാറ്റിംഗിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇനിയൊരു ടെസ്റ്റ് കൂടി ശേഷിക്കുന്നുണ്ട്. അതില്‍ സാഹയ്ക്കു സെഞ്ച്വറി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്” ഗാംഗുലി പറഞ്ഞു.

ഇതോടെ ടെസ്റ്റ് വിക്കറ്റ് കീപ്പിംഗില്‍ സാഹയ്ക്ക് പ്രതിയോഗികളില്ലെന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തിരിക്കുന്ന യുവതാരങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഗാംഗുലിയുടെ വാക്കുകള്‍.

നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് സാഹ കാഴ്ച്ചവെയ്ക്കുന്നത്. ഡുപ്ലസിയെ പുറത്താക്കിയ ക്യാച്ച് മാത്രമല്ല, ഡി ബ്രൂയ്നെ മടക്കാന്‍ സാഹയെടുത്ത ക്യാച്ചും വലിയ പ്രശംസ നേടിയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായാണ് സാഹയെ നിലവില്‍ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.