ഗംഭീർ ഒക്കെ പലതും പറയും, ആ ലോക കപ്പ് ജയിച്ചെങ്കിൽ കാരണക്കാരൻ ധോണി തന്നെ; തുറന്നടിച്ച് മുൻ താരം

2011ലെ ഏകദിന ലോക കപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നിലെ ഒരു കാരണം അന്നത്തെ ക്യാപ്റ്റൻ എംഎസ് ധോണിയുടെ വിശ്വാസമായിരുന്നു എന്നും 25-30 കളിക്കാരുടെ ഗ്രൂപ്പിനെ ഏത് ഘട്ടത്തിലും എന്തിനെയും നേരിടാൻ ഒരുക്കിയതും ധോണിയാണെന്ന് മുൻ ഇന്ത്യൻ ഇടംകൈയൻ സ്പിന്നർ പ്രഗ്യാൻ ഓജ പറഞ്ഞു. 28 വർഷത്തിന് ശേഷമാണ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത്. മുംബൈയിലെ തിരക്കേറിയ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അവർ ശ്രീലങ്കയെ തോൽപിച്ചു, പുറത്താകാതെ 91 റൺസുമായി ധോണി മുന്നിൽ നിന്നു.

“2011 ലോകകപ്പ് ഞങ്ങൾക്ക് വിജയകരമാകാൻ കാരണം, എല്ലാ താരങ്ങളോടും ധോണി വളരെ ഗൗരവത്തോടെയും അവർക്ക് പ്രാധാന്യം നൽകിയും പെരുമാറിയതിനാലാണെന്ന് എനിക്ക് ശക്തമായി തോന്നുന്നു.

നിങ്ങൾ ഒരുപാട് റൺസ് നേടിയിട്ടുണ്ടാകാം, പക്ഷേ വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അനുഭവം നിങ്ങൾക്കില്ലെങ്കിൽ, ലീഗ് മത്സരങ്ങളിൽ നിങ്ങൾക്ക് അതുകൊണ്ട് ഗുണമുണ്ടാകില്ല. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഗെയിമുകൾ, നോക്കൗട്ടുകൾ, സെമി ഫൈനൽ, ഫൈനൽ അപ്പോഴാണ് ആ അനുഭവം നിങ്ങളെ ശരിക്കും സഹായിക്കുന്നത്,” ഓജ ഫാൻകോഡിൽ പറഞ്ഞു.

പുതുതലമുറയിലെ താരങ്ങൾ പ്രധാന മത്സരങ്ങൽ വരുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഓജ പറയുന്നു.