ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഗംഭീര്‍; 'വെല്ലുവിളി വരാനിരിക്കുന്നതേയൊള്ളൂ'

അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍. സ്വന്തം രാജ്യത്ത് മികവ് തെളിയിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍, ടീമിന്റെ ശക്തി തെളിയിക്കാന്‍ വിദേശ പിച്ചുകളില്‍ റിസള്‍ട്ടുണ്ടാക്കണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. 2018 ഇന്ത്യയെ അപേക്ഷിച്ച് പരീക്ഷണത്തിന്റെ വര്‍ഷമായിരിക്കും. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളോട് അവരുടെ നാട്ടില്‍ പോയി ജയിക്കുക ലളിതമായ കാര്യമാകില്ല. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടര വര്‍ഷം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍, ശരിയായ വെല്ലുവിളി വരാനിരിക്കുന്നതേയൊള്ളൂ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളോട് അവരുടെ നാട്ടില്‍ ചെന്ന് ഏറ്റുമുട്ടുമ്പോഴാണ് ഇന്ത്യന്‍ ടീമിന്റെ ശക്തി തെളിയുകയൊള്ളൂ.-ഇന്ത്യ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ഓപ്പണറായിരുന്ന ഗംഭീര്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ പരിചയ സമ്പത്താകും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവുക. ഇന്ത്യന്‍ ക്യാപ്റ്റനും കളിക്കാരും ഹോം മത്സരങ്ങളില്‍ മിന്നുന്ന ഫോമിലായിരുന്നുവെങ്കില്‍ ഇതേ ഫോം എവേ പിച്ചുകളിലും കാണിക്കണം. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഹോം മത്സരങ്ങളില്‍ തിളങ്ങുന്ന ഇന്ത്യയ്ക്ക് ഏറെക്കാലമായുള്ള പഴിയാണ് വിദേശ പിച്ചുകളില്‍ കാര്യമായ റിസള്‍ട്ടുണ്ടാക്കാന്‍ സാധിക്കാത്തത്. ഇന്ത്യന്‍ പിച്ചുകളില്‍ കൊടുങ്കാറ്റാകുന്ന പല ബാറ്റ്‌സ്മാന്‍മാരും എവേ പിച്ചുകളില്‍ ബോളര്‍മാര്‍ക്കുമുന്നില്‍ മുട്ടുവിറക്കുന്നതിനെതിരേ വിമര്‍ശകര്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു.