നാലു ബൗണ്ടറിയും അഞ്ചു സിക്സും, നിക്കോളാസ് പൂരന് തകര്‍പ്പന്‍ അര്‍ദ്ധശതകം ; സണ്‍റൈസേഴ്‌സ് ആരാധകര്‍ക്ക് ആവേശം

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരം പുരോഗമിക്കുമ്പോള്‍ ആവേശം കൂടുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ സണ്‍റൈസേഴ്‌സ് ബാംഗ്‌ളൂരിന്റെ ആരാധകര്‍ക്കാണ്. അവര്‍ വന്‍തുകയ്ക്ക് ലേലത്തില്‍ പിടിച്ച നിക്കോളാസ് പൂരന്‍ ആദ്യ ടി 20 മത്സരത്തില്‍ അര്‍ദ്ധശതകം അടിച്ചുകൂട്ടി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ചുമതലാബോധത്തില്‍ ബാറ്റുവീശിയ വെസ്റ്റിന്‍ഡീസ് യുവതാരം നിക്കോളാസ് പൂരന് ആദ്യ ട്വന്റി20 മത്സരത്തില്‍ 61 റണ്‍സാണ് അടിച്ചു കൂട്ടിയത്.

43 പന്തുകള്‍ നേരിട്ട താരം നാലു ബൗണ്ടറിയും അഞ്ചു സിക്‌സറുകളും പറത്തി. വാലറ്റത്ത് നായകന്‍ കീറന്‍ പൊള്ളോര്‍ഡിനൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ് പൂരന്‍. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന വിന്‍ഡീസിന് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗിനെയാണ് ആദ്യം നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന്റെ കയ്യില്‍ ബ്രാന്‍ഡന്‍ കിംഗ് എത്തുമ്പോള്‍ വെറും നാലു റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

പിന്നാലെ വന്ന നിക്കോളാസ് പൂരനും കെയ്ല്‍ മേയേഴ്‌സും ചേര്‍ന്ന മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുമ്പോള്‍ ചഹല്‍ 31 റണ്‍സ് എടുത്ത മേയേഴ്‌സിനെ പറഞ്ഞുവിട്ടു. വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. നാലു റണ്‍സ് എടുത്ത റോസ്തന്‍ ചേസിനെ രവി ബിഷ്‌ണോയിയും വിക്കറ്റിന് മുന്നില്‍ കുരുക്കി. റോവ്മാന്‍ പവലിനെ രണ്ടു റണ്‍സിന് ബിഷ്‌ണോയി അയ്യരുടെ കയ്യില്‍ കുരുക്കി. പിന്നാലെ വന്ന അകേല്‍ ഹുസൈന്് 10 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ചഹറിന്റെ പന്തില്‍ അദ്ദേഹത്തിന് തന്നെ ക്യാച്ച്. വാലറ്റത്ത കീറന്‍ പൊള്ളോര്‍ഡും ഓഡന്‍ സ്്മിത്തും പൊരുതി. അരങ്ങേറ്റ മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങാന്‍ രവി ബിഷണോയിയ്ക്ക് കഴിഞ്ഞു. 10.57 കോടി രൂപയ്ക്കായിരുന്നു ലേലത്തില്‍ നിക്കോളാസ് പൂരനെ സണ്‍റൈസേഴ്‌സ് ബാംഗ്‌ളൂര്‍ ടീമില്‍ എടുത്തത്.