'പന്തെറിഞ്ഞില്ലെങ്കില്‍ ഹാര്‍ദിക്കിനെ ടീമിനു വേണ്ട', തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഹാര്‍ദിക്കിനെവച്ച് ഇന്ത്യ ഭാഗ്യ പരീക്ഷണത്തിന് മുതിരരുതെന്നും ഗംഭീര്‍ നിര്‍ദേശിച്ചു.

നെറ്റ്‌സില്‍ മാത്രമല്ല പരിശീലന മത്സരങ്ങളിലും നിലവാരത്തോടെ പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക്കിനെ ടീമില്‍ എടുത്താല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. നെറ്റ്‌സില്‍ പന്തെറിയുന്നതും ബാബര്‍ അസമിനെ പോലെ നിലവാരമുള്ള ബാറ്ററോട് ബോള്‍ ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രത്യേകിച്ച് ലോക കപ്പ് പോലൊരു വേദിയില്‍- ഗംഭീര്‍ പറഞ്ഞു.

Read more

ഹാര്‍ദിക് നെറ്റ്‌സിലും വാംഅപ്പ് മത്സരങ്ങളിലും മികവുകാട്ടണം. പൂര്‍ണ വേഗവും കായികക്ഷമതയും തെളിയിക്കണം. 115-120 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാല്‍ പോരാ. അങ്ങനെയായാല്‍ ടീം ഹാര്‍ദിക്കിനെവച്ച് ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ പാടില്ലെന്നും ഗംഭീര്‍ പറഞ്ഞു. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്ന ഹാര്‍ദിക് അടുത്തിടെയാണ് കളത്തില്‍ തിരിച്ചെത്തിയത്. ഐപിഎല്ലില്‍ അടക്കം ഹാര്‍ദിക് പന്തെറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കരുതല്‍ എന്ന നിലയില്‍ ഷാര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.