ധോണിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇംഗ്ലീഷ് ഇതിഹാസം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നോബോളിന് വേണ്ടി വാദിച്ച് ഗ്രൗണ്ടിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഡഗൗട്ടിലിരിക്കുന്ന ക്യാപ്റ്റന്‍ അമ്പയറുമായി തര്‍ക്കിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വോണ്‍ പറഞ്ഞു.

ധോണിയുടെ നടപടിയെ ഒരു ആരാധകന്‍ ന്യായീകരിച്ച് മറുപടി നല്‍കിയപ്പോള്‍ വിഡ്ഢിത്തരം പറയരുതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അമ്പയറുടെ തീരുമാനം എന്തായാലും അംഗീകരിക്കുകയാണ് വേണ്ടതെന്നും ധോണിയുടെ നടപടി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയേയുള്ളൂവെന്നും വോണ്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍, നോബോള്‍ വിളിക്കാനുള്ള തീരുമാനം അമ്പയര്‍മാര്‍ പിന്‍വലിച്ചതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയെ ചൊടിപ്പിച്ചത്.

Read more

ഡഗൗട്ടില്‍ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. തുടര്‍ന്ന് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അസാധാരണമായ രംഗങ്ങള്‍. വിരട്ടലില്‍ അമ്പയര്‍മാര്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങി. എന്നാല്‍ അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്‌സ് പറത്തി മിച്ചല്‍ സാന്റ്‌നര്‍ ചെന്നൈയെ വിജയത്തിലെത്തിച്ചു.