വിരമിക്കല്‍ മതിയാക്കി ഇതിഹാസം തിരിച്ചുവരുന്നു, ക്രിക്കറ്റ് ലോകം ആവേശലഹരിയില്‍

ജൊഹന്നാസ്ബെര്‍ഗ്: ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ആവേശ ലഹരിയിലാഴ്ത്തുന്ന വാര്‍ത്തകളാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും പുറത്ത് വരുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്സ്മാനുമായ എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു എന്നതാണ് അത്.

ദക്ഷിണാഫ്രിക്കയുടെ നിലവിലെ കോച്ചും ഡിവില്ലേഴ്‌സിന്റെ മുന്‍ ടീമംഗവുമായ മാര്‍ക്ക് ബൗച്ചറാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എബിഡി കളിക്കുമെന്ന് ബൗച്ചര്‍ വ്യക്തമാക്കി. സ്വയം പിന്‍മാറിയില്ലെങ്കില്‍ തീര്‍ച്ചയായും ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ എബിഡിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

എബിഡി ലോക കപ്പ് ടീമില്‍ ഉണ്ടാവണമെന്നാണ് താനുള്‍പ്പെടെയുള്ളവര്‍ ആഗ്രഹിക്കുന്നതെങ്കിലും അദ്ദേഹവുമായി സംസാരിച്ച ശേഷമായിരിക്കും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുകയെന്നു ബൗച്ചര്‍ വ്യക്തമാക്കി. ലോക കപ്പിനു പോവുമ്പോള്‍ മികച്ച കളിക്കാരെല്ലാം ടീമില്‍ വേണമെന്നു കോച്ചായി സ്ഥാനമേറ്റെടുത്ത ആദ്യ ദിനം തന്നെ താന്‍ പറഞ്ഞിരുന്നു. ഇപ്പോഴും അതു തന്നെയാണ് പറയാനുള്ളതെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച ഫോമില്‍ തുടരുന്നതിനൊപ്പം ടി20 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇറങ്ങണമെന്ന് എബിഡി ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നു ബൗച്ചര്‍ വ്യക്തമാക്കി. തങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് കളിക്കാന്‍ തയ്യാറാണെന്ന് എബിഡി അറിയിക്കേണ്ടത് പ്രധാനമാണ്. ടീമിനെ സംബന്ധിച്ച് ഏറ്റവും മികച്ചയാള്‍ എബിഡിയാണെങ്കില്‍ അദ്ദേഹം ടീമില്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ലോക കപ്പില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി എബിഡി നേരത്തേ ത്ന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പില്‍ കളിക്കാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് ഇതു പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.

2018-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എബിഡി ഐപിഎല്ലുള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ സജീവ സാന്നിദ്ധ്യം കൂടിയാണ്.

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ, ഏകദിന ലോക കപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയായിരുന്നു 2018 മേയില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിനൊപ്പം ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ പ്രായവും അനുകൂലമായി നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍.