ഒന്നാന്തരം ജയം;ക്യാപ്പിറ്റല്‍സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തുരത്തിയ ക്യാപ്പിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒമ്പതു മത്സരങ്ങള്‍ കളിച്ച ഡല്‍ഹിക്ക് 14 പോയിന്റുണ്ട്. സ്‌കോര്‍: സണ്‍റൈസേഴ്‌സ്-134/9 (20 ഓവര്‍). ഡല്‍ഹി-139/2 (17.5).

ബാറ്റിംഗിലും ബോളിംഗിലും ഡല്‍ഹിക്ക് പറ്റിയ എതിരാളികളാകാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയെ ശിഖര്‍ ധവാന്‍ (42), ശ്രേയസ് അയ്യര്‍ (47 നോട്ടൗട്ട് ), ഋഷഭ് പന്ത് (35 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് അനായാസം ജയത്തിലെത്തിച്ചു. പൃഥ്വി ഷാ (11) മാത്രമേ ഡല്‍ഹി നിരയില്‍ നിരാശപ്പെടുത്തിയുള്ളു.

നേരത്തെ, മൂന്നു വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് സണ്‍റൈസേഴ്‌സിന് കൂച്ചുവിലങ്ങിട്ടത്. അക്‌സര്‍ പട്ടേലും ആന്റിച്ച് നോര്‍ട്ടിയയും രണ്ടു വിക്കറ്റുമായി റബാഡയ്ക്ക് മികച്ച പിന്തുണ നല്‍കി.

ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ (0) നഷ്ടപ്പെട്ട സണ്‍റൈസേഴ്സിന് കരകയറാന്‍ കഴിഞ്ഞില്ല. വൃദ്ധിമാന്‍ സാഹ (18), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (18), മനീഷ് പാണ്ഡെ (17), കേദാര്‍ ജാദവ് (3) എന്നിവരെല്ലാം നിലയുറപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. 28 റണ്‍സ് നേടിയ അബ്ദുള്‍ സമദാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്തില്‍ റാഷിദ് ഖാനും (22) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.