മുന്നിലുളളത് പത്ത് മാസം, കൈ വിറയ്ക്കാതെ ദാദ ആ തീരുമാനങ്ങളെടുക്കുമോ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരത്ത് സൗരവ് ഗാംഗുലി എത്തുമ്പോള്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍. നായകനായെത്തി ഇന്ത്യന്‍ ക്രിക്കറ്റിന് ദിശാബോധം നല്‍കിയ ഗാംഗുലി ബിസിസിഐ പ്രസിഡന്റായി കുറഞ്ഞ കാലത്തേയ്ക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശുദ്ധികലശം നടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. വെറും 10 മാസക്കാലമാണ് ഗാംഗുലിക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാനാവുക.

അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ടു കഴിഞ്ഞ സംവിധാനമാണ് നിലവില്‍ ബിസിസിഐ. ഭരിക്കുന്ന പാര്‍ട്ടികളുടെ പെന്മുട്ടയിടുന്ന താറാവായാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപയോഗിക്കപ്പെടുന്നത്. ഒരു ക്രിക്കറ്റ് താരമായിട്ടും ഗാംഗുലി പോലും ബിസിസിഐ തലവനായത് അമിത് ഷായുടെ പിന്തുണയോടെയാണ്.

പ്രതിസന്ധികളും സങ്കീര്‍ണതകളും കൊണ്ട് ബിസിസിഐ ഞാണില്‍മേല്‍ കളിക്കുന്ന കാലത്താണ് ദാദ ബോര്‍ഡിന്റെ തലപ്പത്ത് കസേരയുറപ്പിക്കുന്നത്. 2000-ലെ വാതുവെയ്പ് ചതിക്കുഴിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയ ദാദ അതേ ആര്‍ജ്ജവം ഇവിടേയും കാട്ടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ബിസിസിഐ പ്രസിഡന്റായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നതായാണ് ഗാംഗുലി തുറന്ന് പറയുന്നത്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തുമെന്നും ഗാംഗുലി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു

“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനാകും താന്‍ പ്രാഥമിക പരിഗണന നല്‍കുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായി എന്നും വാദിച്ചിരുന്നയാളാണ് താന്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ്. യുവതാരങ്ങളുടെ വളര്‍ച്ചക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കും” ഗാംഗുലിയുടെ ഈ വാക്കുകള്‍ യുവതാരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ആഭ്യന്തര താരങ്ങളുടെ പ്രതിഫലം ഉയര്‍ത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും ആവശ്യമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഗാംഗുലി അനുയോജ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിസിഐ ഓഫീസ് കാര്യക്ഷമമാക്കുമെന്നും ഗാംഗുലി പറയുന്നു. താരങ്ങള്‍ക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുമെന്നും ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട തുക വാങ്ങിച്ചെടുക്കുമെന്നും ദാദ കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പ്രശ്നമായി ഇരട്ട പദവി വിലയിരുത്തുന്നതായും അതില്‍ ഇടപെടുമെന്നും ഗാംഗുലി പറയുന്നു. ഗാംഗുലി എന്ത് മാജിക്കാണ് ഇരട്ടപദവി വിഷയത്തില്‍ എടുക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.