സൗത്താഫ്രിക്കയില്‍ ബാറ്റിങ് ‘കൊടുങ്കാറ്റ്’; ട്രിപ്പിള്‍ സെഞ്ച്വറി കണ്ട് ‘അമ്പമ്പോ’ എന്ന് ക്രിക്കറ്റ് ലോകം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയിടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ മാറെയ്‌സ്. സൗത്ത് ആഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനില്‍ നടന്ന രണ്ടാം ടയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് 24 കാരനായ താരം ആരാധകരെ ഞെട്ടിച്ചത്. ബോര്‍ഡര്‍ ഇലവന് വേണ്ടി ഈസ്റ്റേണ്‍ പ്രൊവിന്‍സിനെതിരേ നടന്ന ത്രിദിന മത്സരത്തില്‍ 191 ബോളില്‍ നിന്നാണ് മാറെയ്‌സ് 300 റണ്‍സെടുത്തത്.

96 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 1921ല്‍ നോട്ടിങ്ഹാംഷെയറിനെതിരേ ഓസ്‌ട്രേലിയന്‍ താരം ചാള്‍സ് മക്കാര്‍ട്ട്ണി നേടിയ 221 ബോളില്‍ 300 റണ്‍സ് എന്ന റെക്കോഡാണ് മാറെയ്‌സ് മറികടന്നത്. മത്സരത്തില്‍ 68ാം ബോളില്‍ സെഞ്ച്വറിയടിച്ച താരം 130ാം ബോളില്‍ ഡബില്‍ സെഞ്ച്വറി തികച്ചു. 35 ഫോറും 13 സിക്‌സുമടക്കം നോട്ട് ഔട്ട് പ്രകടനമാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കൃഷിപ്പണിക്കാരനായ താരം ആഴ്ചയില്‍ നാല് തവണയുള്ള പരിശീലനത്തിന് 95 കിലോമീറ്റര്‍ താണ്ടിയാണ് എത്തിക്കൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 34 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1773 റണ്‍സാണ് ഇതുവരെ നേടിയിരിക്കുന്നത്.