ബംഗ്ളാദേശിന്റെ സ്വന്തം 'റൂബലിന്' വിട, താരത്തിന്റെ മരണം അർബുദം ബാധിച്ച്

ബംഗ്ലദേശ് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരം മുഷറഫ് ഹുസൈൻ അന്തരിച്ചു. തലച്ചോറിന് അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് നാൽപ്പതുകാരനായ ഹുസൈന്റെ അന്ത്യം.2019 മാർച്ച് മാസമാണ് താരത്തിന് തലച്ചോറിൽ അർബുദം ബാധിച്ചതായി കണ്ടെത്തിയത് . ഒരുപാട് നാളത്തെ ചികിത്സയ്‌ക്കൊടുവിൽ അസുഖം ഭേദമായ ആശ്വാസത്തിൽ ഇരുന്ന താരത്തിന് 2020 നവംബറിൽ വീണ്ടും അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങുക ആയിരുന്നു. ഇതിനിടയിൽ രോഗം മൂർച്ഛിക്കുകയും ചെയ്തു.

ബംഗ്ളദേശ് ആരാധകർക്കിടയിൽ റൂബൽ എന്നാണ് താരം അറിയപ്പെടുന്നത്, ആഭ്യന്തര ക്രിക്കറ്റിൽ 3000 റൺസും 300 വിക്കറ്റും തികച്ച ഏഴ് ബംഗ്ലദേശ് താരങ്ങളിൽ ഒരാളാണ്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ദേശിയ ടീമിൽ സ്ഥാനം കിട്ടാൻ താരം ഏറെ ബുദ്ധിമുട്ടി. 2013 ബംഗ്ളദേശ് പ്രീമിയർ ലീഗ് ഫൈനലിൽ താരം മാൻ ഓഫ് ദി മാച്ച് ആയിരുന്നു. ധാക്ക ഗ്ലാഡിയേറ്റർസ് താരമായിരിക്കെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ആയിരുന്നു ആ സമയത്ത് താരം.

രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് മത്സരങ്ങൾക്കിടെ ഏറ്റവും കൂടുതൽ ഇടവേള സംഭവിച്ചിട്ടുള്ള ബംഗ്ലദേശ് താരം കൂടിയാണ് റൂബൽ. 2008ൽ ബംഗ്ലദേശ് ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് ദേശീയ ടീമിലെത്തുന്നത് എട്ടു വർഷങ്ങൾക്കുശേഷം 2016ൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കാണ്.  ഏറ്റവും നല്ല സമയത്താണ് കാൻസർ താരത്തിന്റെ കരിയർ തകർത്തത്.

ബൗളിംഗ്‌ ഓൾ-റൗണ്ടർ എന്ന നിലയിൽ താരത്തിന് വലിയ കരിയർ ഉണ്ടെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്. അത്തരം ബൗളറുമാർ കുറവുള്ള നാട്ടിൽ തുടർച്ചായി ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങാൻ താരത്തിന് സാധിച്ചു.